Sorry, you need to enable JavaScript to visit this website.

എർഗണോമിക്  കീബോർഡുകൾ

ഇന്റർനെറ്റ് ഉപയോഗങ്ങൾക്കും ഫേസ്ബുക്ക് ചാറ്റിങിനും ഇന്ന് സ്മാർട് ഫോണുകൾ മതിയാകും. പക്ഷെ, സ്മാർട് യുഗം എത്ര തന്നെ വളർന്നാലും ഓഫീസുകളിലും പഠനാവശ്യങ്ങൾക്കും ലാപ്‌ടോപുകളും കമ്പ്യൂട്ടറുകളും തന്നെ വേണം. സ്ഥിരമായി കമ്പ്യൂട്ടർ മോണിറ്ററിൽ  മുഖമുയർത്താതെ കുത്തിയിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ഇത്തരം ജോലികൾ ചെയ്യുന്ന അഞ്ചിൽ നാലു പേർക്കും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് അടുത്ത കാലത്ത് നടന്ന ചില പഠനങ്ങളിൽനിന്നുള്ള നിഗമനങ്ങൾ. അതിൽ പ്രധാനമാണ് കാർപൽ ടണൽ സിൻഡ്രം. 
കൈകളുടെ തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവയിലൊരു വേദനയിൽ തുടങ്ങി പിന്നെ അത് കൈത്തണ്ടയിലേക്കും കൈമുട്ടിന്റെ മുകൾ ഭാഗത്തേക്കും , പതുക്കെ തോൾഭാഗത്തേക്കും എത്തുന്നു. തുടക്കത്തിൽ വേദനയാണെങ്കിൽ അത് പിന്നീട് പതുക്കെ മരവിപ്പായി മാറും. ഇതേ സ്ഥിതി പിന്നേയും തുടർന്നാൽ കൈകളുടെ ബലത്തേയും ശേഷിയേയും വരെ അത് ബാധിക്കാം. വളരെ സമയം ഡെസ്‌ക് ജോലി ചെയ്യുന്നവരിലാണ് സാധാരണയായി ഇത് കാണുന്നത്. അതുകൊണ്ട് തന്നെ വർക്ക് സ്‌റ്റേഷന് നമുക്ക് ഏറ്റവും സൗകര്യപ്രദവും ആരോഗ്യദായകവുമായ രീതിയിൽ ഒരു മെയ്ക്ക് ഓവർ നൽകേണ്ടത് ആവശ്യമാണ്. ഓഫീസ് എർഗോണോമിക്‌സ് എന്നാണ് ഇതിനെ വിളിക്കുന്നത്. വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും ഇതിന്.  ഇത് ലക്ഷ്യം വെച്ചാണ് മൈക്രോസോഫ്റ്റ് പോലുളള പല കമ്പനികളും എർഗണോമിക് കീ ബോർഡുകൾ അവതരിപ്പിക്കുന്നത്. എർഗണോമിക്‌സ് എന്നത് പലർക്കും പരിചിതമല്ലാത്ത ഒരു വാക്കാണ്. ആളുകളും അവർ ഉപയോഗിക്കുന്ന വസ്തുക്കളും അവരുടെ ജോലിയും ഏറ്റവും ഫലപ്രദമായും സുരക്ഷിതമായും പ്രതിപ്രവർത്തിക്കത്തക്ക രീതിയിൽ രൂപകൽപന ചെയ്യുന്നതും ക്രമീകരിക്കുന്നതിനെയുമാണ് എർഗണോമിക്‌സ് എന്ന് പറയുന്നത്.
എർഗൊണോമിക് കീബോർഡുകൾ വിരലുകളുടേയും കൈത്തണ്ടയിലേയും ബുദ്ധിമുട്ട് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ കൈയ്യിൽ യോജിച്ചു പോകുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.  നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഗ്രിപ്പും ഉണ്ടായിരിക്കും. കൈകൾക്ക് ആയാസം കുറയ്ക്കാനും ടൈപ് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാനും സഹായിക്കുന്ന ഈ കീബോർഡുകൾ കാഴ്ചയിലും വൈവിധ്യം സൃഷ്ടിക്കുന്നു. ഇത്തരം കീപാഡുകൾ  ഫാഷി ക്ലിക്ക് മാത്രമല്ല, സന്ധികളിലെ വേദന ഒഴിവാക്കി കൂടുതൽ സമയം ജോലി ചെയ്യാനും സഹായിക്കുന്നു. 
ടൈപ് ചെയ്യുമ്പോൾ കൈപ്പത്തി വെക്കുന്നതിനായി കുഷ്യനോട് കൂടിയുളള കീപാഡുകളും ചില എർഗണോമിക് കീബോർഡുകളിലുണ്ട്. ഒപ്പം പ്രത്യേകം ഡിസൈൻ ചെയ്ത മൗസും കൈകളുടെ ആയാസം കുറക്കും. സാധാരണ കീബോർഡിൽനിന്ന് വ്യത്യസ്തമായി നടുവിൽ മുറിച്ച രീതിയിലും ചില കീബോർഡുകൾ രൂപകൽപന ചെയ്തിട്ടുണ്ട്. സൗകര്യപ്രദമായ ടൈപ്പിംഗിന് ഇത് സഹായിക്കും .സൗകര്യപ്രദമായ രീതിയിൽ കീബോർഡ് ഉയർത്തിവെക്കുകയും ചെയ്യാം.  നമ്പർപാഡ് കീബോർഡിൽ നിന്നു വേറിട്ടു നിൽക്കുന്ന തരത്തിലുളളവയും ലഭ്യമാണ്. 
എർഗണോമിക് കീബോർഡുകൾ വാങ്ങുന്നതിനു മുമ്പായി കീപാഡ് ഉപയോഗിച്ചു നോക്കി അവ നിങ്ങളുടെ കൈകൾക്ക് ഇണങ്ങുന്നവയാണെന്നുറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ കീബോർഡുകൾ ഉപയോഗിച്ച് ശീലിച്ചവർക്ക് എർഗണോമിക് കീബോർഡുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ അൽപം പ്രയാസമുണ്ടായേക്കാം.

Latest News