Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

സ്വകാര്യത: സുരക്ഷയുടെ വാളുയർത്തി സർക്കാരുകൾ സമ്മർദം ശക്തമാക്കുന്നു

വാട്‌സാപ്പിലൂടെയും ഐമെസേജിലൂടെയും മറ്റും അയക്കുന്ന സന്ദേശങ്ങൾ തീർത്തും സ്വകാര്യമായിരിക്കണമെന്നാണ് സോഷ്യൽ മീഡിയ കമ്പനികൾ ആഗ്രഹിക്കുന്നതെങ്കിലും അത് എത്ര കാലം തുടരാനാകുമെന്ന കാര്യത്തിൽ സംശയം ഉയരുന്നു. വ്യക്തിപരമായി അയക്കുന്ന സന്ദേശങ്ങൾ സ്വകാര്യമാക്കാൻ ഉപയോഗിക്കുന്ന എൻക്രിപ്ഷൻ സംവിധാനത്തിനെതിരെ വിവിധ സർക്കാരുകൾ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്.  
വാട്ട്‌സ്ആപ്പിലും ഐ മെസേജിലും മറ്റും  ആർക്കെങ്കിലും അയക്കുന്ന ഒരു കുറിപ്പ് അത് നിസ്സാരമായാലും ഗൗരവമേറിയതായാലും ഇപ്പോൾ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുണ്ട്. സ്വീകർത്താവിന് ലഭിക്കുന്നതുവരെ സന്ദേശങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ പറ്റാത്തവിധം ലോക്ക് ചെയ്യപ്പെടുന്നതാണ് എൻക്രിപ്ഷൻ. സന്ദേശങ്ങളെ കോഡ് ഭാഷയിലാക്കുന്നുവെന്ന് വേണമെങ്കിൽ പറയാം.
വാട്ട്‌സ്ആപ്പും മറ്റും സന്ദേശങ്ങൾ ലോക്ക് ചെയ്യുന്നതിന് ശക്തമായ ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. 
നിങ്ങളുടെ സന്ദേശങ്ങൾ നിങ്ങളുടെ ഫോണിലായിരിക്കുമ്പോൾ തന്നെ ലോക്ക് ചെയ്യപ്പെടുന്നു. പുറത്തുള്ള ആർക്കും അതു ചോർത്താൻ സാധ്യമല്ല. സെർവറുകളിലൂടെ പോകുന്ന സന്ദേശത്തിന്റെ ഉള്ളടക്കം കാണാൻ ഫേസ്ബുക്ക് കമ്പനിയിലെ ജീവനക്കാരൻ ശ്രമിച്ചാൽ നടക്കില്ല.  തീവ്രവാദിയാണെന്ന് കരുതിയുള്ള പരിശോധനകൾക്കായി എഫ്.ബി.ഐ ടെക് കമ്പനിയുടെ സെർവറുകളിൽ കടക്കാൻ ശ്രമിച്ചാലും നടക്കില്ല.  
ഫോണിൽ ടൈപ്പുചെയ്യുമ്പോൾ ചുമലിലൂടെ എത്തി നോക്കിയാൽ ഒരാൾക്ക് സന്ദേശങ്ങൾ കാണാൻ പറ്റുമായിരിക്കും. എന്നാൽ സന്ദേശങ്ങൾ അയക്കുമ്പോൾ കമ്പനികൾ സ്വീകരിക്കുന്ന എൻക്രിപ്ഷൻ സംവിധാനം  സ്വകാര്യതാ വിദഗ്ധർ അംഗീകരിച്ചതാണ്. ആശയവിനിമയത്തിൽ സ്വകാര്യതയും രഹസ്യ സ്വഭാവും സംരക്ഷിക്കുക എന്നത് മൗലികാവകാശമായാണ് കണക്കാക്കുന്നത്. സ്വീകരണമുറിയിൽവെച്ച് നമ്മൾ സംസാരിക്കുന്നത് ഒരു ടെക് കമ്പനിയോ സർക്കാർ സ്ഥാപനമോ കേൾക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. സന്ദേശം അയക്കുമ്പോഴും ഒരാൾ ഇതേ കാര്യം തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരാൾ കാണരുത്. 
എൻക്രിപ്ഷൻ അവസാനിപ്പിക്കാൻ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയുമൊക്കെ ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിൽ കടുത്ത സമ്മർദം ചെലുത്തിവരികയാണ്. 
ഫേസ്ബുക്ക് മെസേജിംഗ് സേവനങ്ങളിൽ എൻഡ്ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് വിവിധ രാജ്യങ്ങളിലെ സുരക്ഷാ ചുമതലയുള്ള മന്ത്രിമാർ ആവശ്യപ്പെടുന്നത്. 
നിയമപാലകർക്കുമുന്നിൽ വലിയ തടസ്സമായാണ് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ  എൻക്രിപ്ഷനെ കാണുന്നത്. അക്രമ സംഭവങ്ങളിലും മറ്റും ഉൾപ്പെട്ടവരുടെ ആശയവിനിമയത്തിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് കമ്പനികൾക്ക് വാറണ്ടുകൾ അയച്ചാലും വായിക്കൻ കഴിയുന്ന ഉള്ളടക്കമല്ല അവർ നൽകുന്നത്.  നിർണായക തെളിവുകൾ പരിശോധിക്കുന്നതിലുള്ള പരിമിതികൾ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്നുവെന്നാണ് നിയമപാലകരുടെ പരാതിയും ആശങ്കയും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് ഉപയോഗിക്കുന്ന  അശ്ലീലസാഹിത്യത്തെ ഉദാഹരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 
ടെക് കമ്പനികൾ റിപ്പോർട്ടുചെയ്ത ഓൺലൈൻ അശ്ലീല ഫോട്ടോകളുടെയും വീഡിയോകളുടെയും എണ്ണം 2018 ൽ 45 ദശലക്ഷം വരെയാണ്. വാട്ട്‌സ്ആപ്പിനേക്കാൾ കൂടുതൽ എൻക്രിപ്റ്റ് ചെയ്തിട്ടില്ലാത്ത മെസഞ്ചറിൽനിന്നാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുട്ടികളെ ലക്ഷ്യമിടുന്ന അശ്ലീല സാഹിത്യം കണ്ടെത്തേണ്ടതുണ്ടെന്നും അവ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നവരെ നിയമനടപടികൾക്കു മുന്നിലെത്തിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതർ വാദിക്കുന്നു. 
എന്നാൽ ഇതിന്റെ പേരിൽ കോടിക്കണക്കിന് മറ്റുള്ളവരുടെ പൗരസ്വാതന്ത്ര്യത്തിന് അപകടമുണ്ടാക്കരുതെന്നാണ് സ്വകാര്യതാ വിദഗ്ധർ വാദിക്കുന്നത്.  എൻഡ്ടു എൻഡ് എൻക്രിപ്ഷൻ സാധാരണ ഉപയോക്താവിനെ സംരക്ഷിക്കുന്നുവെന്നതാണ് പ്രഥമമായും മനസ്സിലാക്കേണ്ടത്. ഒരു പത്രപ്രവർത്തകനും അയാളുടെ വാർത്താ ഉറവിടവും തമ്മിലുള്ള രഹസ്യ ആശയവിനിമയമായാലും വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടായാലും അവയുടെ രഹസ്യ സ്വഭാവവും സ്വാകര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷയും അവരുടെ ആശയവിനിമയത്തിലുള്ള നിയന്ത്രണാധികാരം ഉറപ്പുവരുത്തുന്നതുമാണ് എൻക്രിപ്ഷൻ. 
കുട്ടികൾക്കെതിരായ ചൂഷണവും അശ്ലീല പ്രചാരണവും തടയാനെന്ന പേരിലും ക്രിമിനൽ കുറ്റങ്ങൾക്കും ഭീകരതക്കുമെതിരായ നടപടികളെന്ന പേരിലും ഇടപെടാൻ അനുവദിച്ചാൽ സർക്കാരുകൾക്ക് അവരുടെ നിരക്ഷണം വിപുലീകരിക്കാൻ അവസരം നൽകുമെന്നാണ് സ്വകാര്യതാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 
എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങൾ സ്‌കാൻ ചെയ്യാനും തടസ്സപ്പെടുത്താനും അനുവദിക്കുന്നതു കൊണ്ട് മാത്രം കുട്ടികളെ ദുരുപയോഗം ചെയ്യുന്ന  കുറ്റവാളികളെ കണ്ടെത്താനും പിന്തുടരാനും സാധിക്കില്ലെന്നും അവർ പറയുന്നു.