ജോളിയടക്കം മൂന്ന് പ്രതികളും ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എം.എസ്.മാത്യുവും, പ്രജികുമാറുമാണ് കേസിലെ മറ്റു പ്രതികള്‍. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. കേസ് ഇനി 16-ാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും.

15 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക. കോടതിയില്‍ നിന്നിറങ്ങിയ ശേഷം ജോളിയിയേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി.  മാത്യുവിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

 

Latest News