സൂററ്റ്- കള്ളൻമാർക്കെല്ലാം പേര് മോഡി എന്ന പരാമർശത്തിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ. അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂററ്റ് കോടതിയിൽ ഹാജരായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മോഡിയുടെ കുടുംബപ്പേര് എല്ലാ കള്ളൻമാരുടെ പങ്കിട്ടുവെന്നാണ് പറഞ്ഞത്. അതിൽ എന്താണ് തെറ്റെന്നും രാഹുൽ ചോദിച്ചു. കേസ് ഡിസംബർ പത്തിന് വീണ്ടും പരിഗണിക്കും. അന്ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരാകുന്നതിൽനിന്ന് രാഹുലിന് ഇളവ് അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എതിർഭാഗം അഭിഭാഷകൻ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇത് തള്ളിയാണ് നേരിട്ട് ഹാജരാകുന്നതിൽനിന്ന് കോടതി ഇളവ് അനുവദിച്ചത്. രാഷ്ട്രീയ എതിരാളികൾ തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നതിന് വേണ്ടി നൽകിയ കേസിൽ ഹാജരാകാൻ സൂററ്റ് കോടതിയിൽ എത്തിയെന്ന് നേരത്തെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
പ്രാദേശിക ബി.ജെ.പി നേതാവ് പുർനേഷ് മോഡിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. മോഡി സമൂഹത്തെ മുഴുവൻ രാഹുൽ ഗാന്ധി അപമാനിച്ചുവെന്നായിരുന്നു സൂററ്റ് വെസ്റ്റിൽനിന്നുള്ള എം.എൽ.എ കൂടിയായ പുർനേഷ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.