Sorry, you need to enable JavaScript to visit this website.

മരുന്ന് കഴിച്ച പുരുഷന് സ്തനം വളര്‍ന്നു; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍തുക പിഴ

ന്യൂയോര്‍ക്ക്- പുരുഷന്മാരില്‍ സ്തനങ്ങള്‍ വളരാന്‍ ഇടയാകുമെന്ന മുന്നറിയിപ്പ് നല്‍കാതെ മരുന്ന് വില്‍പന നടത്തിയ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക്  ചുമത്തിയ പിഴത്തുക കോടതി വര്‍ധിപ്പിച്ചു.   
മനോരോഗങ്ങള്‍ക്ക്  നല്‍കുന്ന മരുന്നായ 'ഡിസ്‌പെര്‍ഡാല്‍' കഴിച്ചതിനാല്‍ തന്റെ ശരീരത്തില്‍ സ്തനങ്ങള്‍ വളര്‍ന്നുവെന്ന് കാണിച്ച നിക്കോളാസ് മുറെ എന്നയാളാണ് അമേരിക്കയിലെ ഒരു കോടതിയെ സമീപിച്ചിരുന്നത്. 2015 ല്‍ കോടതി 15 ലക്ഷം ഡോളര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് പിഴ വിധിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ മറ്റൊരു കോടതി ഈ തുക വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ഫിലാഡല്‍ഫിയ ഹൗസ് ഒഫ് കോമണ്‍ പ്ലിയാസ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നല്‍കേണ്ട പിഴ 800 കോടി ഡോളറായി ഉയര്‍ത്തിയത്. രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യം നല്‍കാതെ ലാഭേച്ഛയോടെ മാത്രം വ്യവസായം നടത്തുന്ന കമ്പനി എന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ കോടതി വിശേഷിപ്പിച്ചത്.
നിക്കോളാസിന് പുറമെ ഇതേ മരുന്ന് കഴിച്ച് കുഴപ്പത്തിലായ നിരവധി പേര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹരജികള്‍ കോടതി പരിഗണിക്കാനിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് നിക്കോളാസ് ഈ മരുന്നുകള്‍ കഴിച്ചിരുന്നത്. ഫോര്‍മല്‍ഡീഹൈഡ്, ആസ്ബറ്റോസ് എന്നിവ  വിവിധ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നതായി നേരത്തെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.

 

Latest News