Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇ-പെയ്മന്റില്‍ 54 ശതമാനം വര്‍ധന; ബിനാമി ബിസിനസ് തടയാനാകുമെന്ന് പ്രതീക്ഷ

റിയാദ്- വ്യാപാര സ്ഥാപനങ്ങളിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ഇ-പെയ്‌മെന്റിൽ വൻ വർധന. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി ഉപയോക്താക്കൾ 13,38,72,600 തവണ പെയ്‌മെന്റുകൾ നടത്തി. 2018 ഓഗസ്റ്റിൽ ഇത് 8,60,73,424 ആയിരുന്നു. ഒരു വർഷത്തിനിടെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിൽ 20.9 ശതമാനം വളർച്ച രേഖപ്പെടുത്തി. 


ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ പടിപടിയായി നിർബന്ധമാക്കുന്ന തീരുമാനം ഈ വർഷം മധ്യം മുതൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഇതാണ് പി.ഒ.എസ് ഇടപാടുകൾ വലിയ തോതിൽ വർധിക്കുന്നതിന് ഇടയാക്കിയത്. 


2018 ഓഗസ്റ്റിൽ 3,32,807 പി.ഒ.എസ് ഉപകരണങ്ങളാണ് വ്യാപാര സ്ഥാപനങ്ങളിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പി.ഒ.എസ് ഉപകരണങ്ങളുടെ എണ്ണം 4,01,889 ആയി ഉയർന്നു. 


കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പി.ഒ.എസ്സുകൾ വഴി ഉപയോക്താക്കൾ നടത്തിയ പെയ്‌മെന്റ് തുകയിൽ 17 ശതമാനം വർധനവാണുണ്ടായത്. 2018 ഓഗസ്റ്റിൽ ഉപയോക്താക്കൾ പി.ഒ.എസ്സുകൾ വഴി ആകെ 1919 കോടി റിയാലിന്റെ പെയ്‌മെന്റുകളാണ് നടത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 2255 കോടി റിയാലായി ഉയർന്നു. 


എല്ലാ വിഭാഗം വ്യാപാര സ്ഥാപനങ്ങളിലും പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള പെയ്‌മെന്റ് വർധിച്ചു. വ്യത്യസ്ത വിഭാഗം വ്യാപാര സ്ഥാപനങ്ങളിലെ ഇ-പെയ്‌മെന്റ് എട്ടു മുതൽ 75 ശതമാനം വരെയാണ് വർധിച്ചത്. റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പി.ഒ.എസ് വഴിയുള്ള പെയ്‌മെന്റുകളിൽ 75 ശതമാനം വർധന രേഖപ്പെടുത്തി. റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും കഴിഞ്ഞ ഓഗസ്റ്റിൽ 3,90,98,000 ഓളം ഇ-പെയ്‌മെന്റ് ഇടപാടുകൾ നടന്നു. 2018 ഓഗസ്റ്റിൽ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഇ-പെയ്‌മെന്റ് ഇടപാടുകൾ 2,23,47,000 ഓളം ആയിരുന്നു. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പി.ഒ.എസ് ഇടപാടുകളുടെ എണ്ണത്തിൽ 60.7 ശതമാനം വർധനവുണ്ടായി. 2018 ഓഗസ്റ്റിൽ ഇത്തരം സ്ഥാപനങ്ങളിൽ രണ്ടു കോടിയോളം പി.ഒ.എസ് ഇടപാടുകളാണ് നടന്നത്. 
കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 3.21 കോടിയായി ഉയർന്നു. ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പി.ഒ.എസ് ഇടപാടുകൾ 58.5 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഈ വിഭാഗം സ്ഥാപനങ്ങളിൽ 15.8 ലക്ഷം പി.ഒ.എസ് ഇടപാടുകളാണ് നടന്നത്. 
2018 ഓഗസ്റ്റിൽ ഇത് 10 ലക്ഷമായിരുന്നു. നിർമാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പി.ഒ.എസ് ഇടപാടുകളിൽ 52.8 ശതമാനം വളർച്ചയുണ്ടായി. ഇത്തരം സ്ഥാപനങ്ങളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി ഉപയോക്താക്കൾ 11.7 ലക്ഷത്തോളം തവണ പെയ്‌മെന്റുകൾ നടത്തി. 2018 ഓഗസ്റ്റിൽ ഇത് 7.6 ലക്ഷമായിരുന്നു. 
വിനോദ, സാംസ്‌കാരിക മേഖലാ സ്ഥാപനങ്ങളിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള പെയ്‌മെന്റ് ഇടപാടുകളിൽ ഒരു വർഷത്തിനിടെ 42.5 ശതമാനം വർധനവുണ്ടായി. 2018 ഓഗസ്റ്റിൽ ഇത്തരം സ്ഥാപനങ്ങളിൽ 26 ലക്ഷം പി.ഒ.എസ് ഇടപാടുകളാണുണ്ടായത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 37.6 ലക്ഷമായി ഉയർന്നു. 
ഫർണിച്ചർ സ്ഥാപനങ്ങളിൽ പി.എ.എസ് പെയ്‌മെന്റുകൾ 10.4 ലക്ഷത്തിൽ നിന്ന് 14.6 ലക്ഷമായി ഉയർന്നു. ഒരു വർഷത്തിനിടെ ഫർണിച്ചർ സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് ഇടപാടുകളിൽ 40.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഗതാഗത മേഖലയിൽ പി.ഒ.എസ് ഇടപാടുകളുടെ എണ്ണം 35.7 ശതമാനം തോതിൽ വർധിച്ചു. 2018 ഓഗസ്റ്റിൽ ഗതാഗത സ്ഥാപനങ്ങളിൽ 16.4 ലക്ഷം പി.ഒ.എസ് പെയ്‌മെന്റ് ഇടപാടുകളാണ് നടന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 22.3 ലക്ഷമായി ഉയർന്നു. ഹോട്ടലുകളിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള പെയ്‌മെന്റ് ഇടപാടുകൾ 34.6 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഹോട്ടലുകളിൽ പി.ഒ.എസ്സുകൾ വഴി 11.6 ലക്ഷം പെയ്‌മെന്റുകളാണ് നടന്നത്. 2018 ഓഗസ്റ്റിൽ ഇത് 8.6 ലക്ഷമായിരുന്നു. 
ആരോഗ്യ മേഖലാ സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് ഇടപാടുകളിൽ 27.4 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരോഗ്യ മേഖലാ സ്ഥാപനങ്ങളിൽ പി.ഒ.എസ് ഉപകരണങ്ങൾ വഴി ഒരു കോടി തവണ ഉപയോക്താക്കൾ പണമടച്ചു. ഈ വർഷം ഇത് 1.3 കോടി തവണയായി ഉയർന്നു. വസ്ത്രങ്ങളും പാദരക്ഷകളും വിൽക്കുന്ന സ്ഥാപനങ്ങളിൽ പി.ഒ.എസ് ഇടപാടുകളിൽ 20.7 ശതമാനം വളർച്ചയുണ്ടായി. ഇത്തരം സ്ഥാപനങ്ങളിൽ കഴിഞ്ഞ ഓഗസ്റ്റിൽ 1.28 കോടി തവണയാണ് ഉപയോക്താക്കൾ പി.ഒ.എസ്സുകൾ വഴി പണമടച്ചത്. കഴിഞ്ഞ കൊല്ലം ഓഗസ്റ്റിൽ ഇത്തരം സ്ഥാപനങ്ങളിൽ ഒരു കോടി തവണയാണ് ഉപയോക്താക്കൾ ഇ-പെയ്‌മെന്റ് നടത്തിയത്. 
ജ്വല്ലറികളിൽ പി.ഒ.എസ് ഇടപാടുകളുടെ എണ്ണത്തിൽ 8.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ജ്വല്ലറികളിൽ 7.2 ലക്ഷം തവണ പി.ഒ.എസ്സുകൾ വഴി ഉപയോക്താക്കൾ പെയ്‌മെന്റ് നടത്തി. 2018 ഓഗസ്റ്റിൽ ജ്വല്ലറികളിൽ 6.7 ലക്ഷം തവണയാണ് ഉപയോക്താക്കൾ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി പണമടച്ചത്. മറ്റു സേവന മേഖലകളിൽ പി.ഒ.എസ് ഇടപാടുകളിൽ 26.2 ശതമാനം വളർച്ചയുണ്ടായി. ഇത്തരം സ്ഥാപനങ്ങളിൽ കഴിഞ്ഞ ഓഗസ്റ്റിൽ 49 ലക്ഷം പി.ഒ.എസ് ഇടപാടുകളാണ് നടന്നത്. 
2018 ഓഗസ്റ്റിൽ ഇത് 38.9 ലക്ഷമായിരുന്നെന്നും കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

 

Latest News