Sorry, you need to enable JavaScript to visit this website.

പരമാവധി ഉൽപാദന ശേഷി അടുത്ത  മാസം വീണ്ടെടുക്കും -അൽനാസിർ

റിയാദ്- സൗദി അറാംകോ അടുത്ത മാസാവസാനത്തോടെ പരമാവധി ഉൽപാദന ശേഷി വീണ്ടെടുക്കുമെന്ന് കമ്പനി സി.ഇ.ഒ അമീൻ അൽനാസിർ പറഞ്ഞു. കമ്പനിയുടെ പ്രതിദിന പരമാവധി ഉൽപാദന ശേഷി 1.2 കോടി ബാരലാണ്. നവംബർ അവസാനത്തോടെ ഈ ശേഷി സൗദി അറാംകോ വീണ്ടെടുക്കും. 
ആഗോള സമൂഹം ഒറ്റക്കെട്ടായി ശക്തമായി തിരിച്ചടിക്കാത്ത പക്ഷം സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ കഴിഞ്ഞ മാസം ഉണ്ടായതു പോലെയുള്ള ആക്രമണങ്ങൾ തുടരും. സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണ വില 20 ശതമാനത്തോളം ഉയരുന്നതിന് ഇടയാക്കി. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് ആഗോള സമൂഹം ഇഛാശക്തി കാണിക്കാതിരിക്കുന്നത് കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കും. ഇത് ലോകത്തെ ഊർജ സുരക്ഷ കൂടുതൽ അപകടത്തിലാക്കും. 
ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ സൗദി അറാംകോയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിനുള്ള പദ്ധതിയെ ഒരു നിലക്കും പ്രതികൂലമായി സ്വാധീനിക്കില്ല. 
ഒക്‌ടോബറിൽ പ്രതിദിനം 99 ലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണ ഉൽപാദിപ്പിക്കുന്നത്. ആക്രമണങ്ങൾ കമ്പനിയുടെ വരുമാനത്തിൽ ഒരുവിധ കുറവുമുണ്ടാക്കിയിട്ടില്ല. മുൻ നിശ്ചയ പ്രകാരം ഉപയോക്താക്കൾക്കുള്ള എണ്ണ വിതരണം കമ്പനി തുടർന്നതായും അമീൻ അൽനാസിർ പറഞ്ഞു. 
സൗദി അറേബ്യയുടെ പ്രതിദിന ഉൽപാദന ശേഷിയുടെ പകുതിയോളം ബഖീഖ്, ഖുറൈസ് ആക്രമണങ്ങളിലൂടെ നഷ്ടപ്പെട്ടിരുന്നു. പ്രതിദിന ഉൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവാണ് ആക്രമണങ്ങളുണ്ടാക്കിയത്. 
വലിയ തോതിലുള്ള കരുതൽ ശേഖരത്തിൽ നിന്ന് പിൻവലിച്ചും മറ്റു എണ്ണപ്പാടങ്ങളിൽ ഉൽപാദനം ഉയർത്തിയും ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങളിലുണ്ടായ തകരാറുകൾ റെക്കോർഡ് സമയത്തിനകം പരിഹരിച്ചും ആഗോള വിപണിയിൽ എണ്ണ ലഭ്യതക്കുറവ് നേരിടാതെ നോക്കുന്നതിന് സൗദി അറാംകോയ്ക്ക് സാധിച്ചു.

 

Latest News