Sorry, you need to enable JavaScript to visit this website.

പുതിയൊരു ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

കൊച്ചി- കേരളത്തിൽനിന്ന് പുതിയൊരു ഭൂഗർഭ മത്സ്യ ഇനത്തെ കൂടി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ കണ്ടെത്തി. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപെട്ട പുതിയ മത്സ്യത്തിന് 'പാജിയോ ഭുജിയോ' (പാതാള പൂന്താരകൻ) എന്നാണ് പേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചേരിഞ്ചാലിൽ ആറ് മീറ്റർ ആഴമുള്ള കിണറ്റിൽ നിന്നാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നല്ല കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇൽ ലോച്ച് മത്സ്യങ്ങളെ സാധാരണയായി കാണപ്പെടുന്നത്. ഭൂഗർഭ ജല അറയിൽ വസിക്കുന്ന ഇൽ ലോച്ചിനെ കണ്ടെത്തുന്നത് ലോകത്ത് ഇത് ആദ്യമായാണന്ന് പഠനത്തിന് നേതൃത്വം നൽകിയ കുഫോസ് ശാസ്ത്രജ്ഞൻ ഡോ. രാജീവ് രാഘവൻ പറഞ്ഞു. ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ജനുവരിയയിൽ മലപ്പുറത്ത് നിന്ന് എനിഗമചന്ന ഗൊല്ലം എന്ന ഭൂഗർഭ വരാലിനെ ലോകത്ത് ആദ്യമായി കണ്ടെത്തിയിരുന്നു. ചേരിഞ്ചാലിലെ മത്സ്യ നിരീക്ഷകനായ വിഷ്ണുദാസ് ആണ് പാജിയോ ഭുജിയ എന്ന  ഈ മത്സ്യത്തെ ആദ്യമായി കണ്ടതും കുഫോസ് ഗവേഷണ സംഘത്തെ വിവരം അറിയച്ചതും. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇത്. തുടർന്ന് ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിൽ കുഫോസിലെ ഗവേഷകർപ്പ് ഒപ്പം പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആന്റ് എജ്യൂക്കേഷൻ റിസർച്ച്, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങിലെ ശാസ്ത്രജ്ഞരുടെ സംഘവും കണ്ണൂരിലെ അവേർനെസ് ആന്റ് റസ്‌ക്യൂ സെന്ററിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് പാജിയോ ജിനസിലെ പുതിയ മത്സ്യ ഇനമാണെന്ന് സ്ഥിരീകരിച്ചതും പാജിയോ ഭുജിയോ എന്ന് പേരിട്ടതും. 
പാജിയോ കുടുംബത്തിലെ മറ്റ് മത്സ്യ ഇനങ്ങളിൽ നിന്ന് കാര്യമായ രൂപമാറ്റങ്ങൾ ഇപ്പോൾ കണ്ടെത്തിയ പാജിയോ ഭുജിയക്ക് ഉണ്ടെന്ന് ഡോ. രാജീവ് രാഘവൻ ചൂണ്ടിക്കാട്ടി. മറ്റ് പാജിയോ മൽസ്യങ്ങളിൽ നിന്ന് മാത്രമല്ല, പാജിയോ കുടുംബം ഉൾപ്പെടുന്ന സൈപ്രിനിഫോം വർഗത്തിലെ മറ്റ് മത്സ്യങ്ങളുമായി അസാധാരണമായ രൂപാന്തരം പാജിയോ ഭുജിയോക്ക് ഉണ്ട്. മത്സ്യങ്ങളുടെ പരിണാമ ചക്രത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഈ മത്സ്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള മോളിക്യൂലാർ പഠനത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുഫോസിലെ ഗവേഷകർ. ഡോ. രാജീവ് രാഘവന് പുറമേ വി.കെ.അനൂപ്, സി.പി.അർജ്ജുൻ, ഡോ. റാൽഫ് ബ്രിറ്റ്‌സ്, നീലീഷ് ദനാഹുകർ എന്നിവരാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയ പഠന സംഘത്തിൽ ഉണ്ടായിരുന്നത്. മലബാർ മേഖലയിലെ ചെങ്കല്ലുകളുടെ ഇടയിലുള്ള ഭൂഗർഭ ജല അറകളിൽ ഇനിയും ലോകത്തിന് ഇതുവരെ അറിയാത്ത മത്സ്യ ഇനങ്ങൾ ഉണ്ടാകാം എന്നാണ് കുഫോസിലെ ഗവേഷകരുടെ അനുമാനം.

 

Latest News