Sorry, you need to enable JavaScript to visit this website.

സൈലന്റ്‌വാലിയിൽ വീണ്ടും വിനോദസഞ്ചാരം സജീവമാകുന്നു

സൈലന്റ്‌വാലി  ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടം. 

പാലക്കാട്- പ്രളയത്തെത്തുടർന്ന് ഏറെക്കാലം സന്ദർശകർക്ക് പ്രവേശനം നിഷേധിച്ച സൈലന്റ്‌വാലിയിൽ വീണ്ടും വിനോദസഞ്ചാരം സജീവമാകുന്നു. ഇക്കഴിഞ്ഞ അവധി ദിവസങ്ങളിൽ വലിയ രീതിയിലുള്ള സന്ദർശകപ്രവാഹത്തിനാണ് ഈ ദേശീയോദ്യാനം സാക്ഷ്യം വഹിച്ചത്. സാധാരണ ദിവസങ്ങളിലേതിനേക്കാൾ നാലിരട്ടി സന്ദർശകർ ഇക്കഴിഞ്ഞ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സൈലന്റ്‌വാലിയിൽ എത്തിയെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 2018ലെ മഹാപ്രളയത്തെത്തുടർന്ന് ആറു മാസത്തിലധികം സൈലന്റ്‌വാലിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല. പൂർണമായും നശിച്ചു പോയ റോഡ് പുനർനിർമ്മിച്ചതിനു ശേഷമാണ് ഇവിടെ വിനോദസഞ്ചാരം പുനരാരംഭിച്ചത്. ഈ വർഷം കനത്ത മഴ ഉണ്ടായെങ്കിലും റോഡിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന് ആകർഷകമായ ടൂറിസ്റ്റ് പാക്കേജുകൾ ഒരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ്. 
കുടുംബവുമായി എത്തുന്നവരേയും സാഹസിക ടൂറിസം പ്രതീക്ഷിച്ച് എത്തുന്നവരേയും ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ ടൂറിസ്റ്റ് പാക്കേജുകൾക്ക് രൂപം നൽകിയിരിക്കുന്നത്. നേരത്തേ നിലവിലുണ്ടായിരുന്ന ഒരു ദിവസത്തെ സൈരന്ധ്രി സന്ദർശന പരിപാടിക്ക് പുറമേ മൂന്ന് പാക്കേജുകൾ പുതുതായി ആരംഭിച്ചിട്ടുണ്ട്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്ന പുരുഷന്മാരെ ലക്ഷ്യമിടുന്ന കീരിപ്പാറ പാക്കേജ് ഏറെപ്പേരെ ആകർഷിക്കുന്നു. സൈലന്റ്‌വാലി കാടിനുള്ളിൽ കീരിപ്പാറ എന്ന സ്ഥലത്ത് താമസിച്ച് വനഭംഗി ആസ്വദിക്കുന്നതിനുള്ള സൗകര്യം ഇതിലുണ്ട്. ഒരു സമയത്ത് രണ്ടു പേർക്ക് ഇവിടെ താമസിക്കാം. കാടിനുള്ളിൽ ഗൈഡിന്റെ സഹായത്തോടെ ട്രക്കിംഗ് നടത്തുന്നതിനും ഈ പാക്കേജിൽ അവസരമുണ്ട്. 
സൈലന്റ്‌വാലിയിൽ നിന്ന് പതിനഞ്ച് കിലോമീറ്ററോളം അകലെ ബൊമ്മിയാംപടിയിൽ താമസിക്കാൻ സൗകര്യമൊരുക്കുന്നതാണ് മറ്റൊരു പാക്കേജ്. കുടുംബവുമായി എത്തുന്നവരെ ലക്ഷ്യമിടുന്ന ഈ പാക്കേജിൽ ഒരേ സമയത്ത് പത്ത് പേർക്ക് താമസിക്കാം. സമാനമായ രീതിയിൽ ഇരുപത് പേർക്ക് താമസിക്കാവുന്ന പന്തൻകോട് പാക്കേജും ഹിറ്റായിക്കഴിഞ്ഞു. താൽപര്യമുള്ളവർക്ക് രണ്ടോ മൂന്നോ ദിവസം താമസിക്കാനുള്ള സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്. 
എല്ലാ പാക്കേജുകളിലും ഗൈഡിന്റെ സേവനം ലഭ്യമാണ്. സന്ദർശകർക്ക് ആവശ്യമായ വാഹനസൗകര്യവും പ്രദേശത്ത് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04924253225, 8589895652 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 

 


 

Latest News