Sorry, you need to enable JavaScript to visit this website.

റസ്റ്റോറന്റുകളിൽ പുകയില  ഉൽപന്നങ്ങൾക്ക് ലൈസൻസ്; പ്രധാന നഗരങ്ങളില്‍ ഫീസ് ഒരു ലക്ഷം റിയാല്‍ 

റിയാദ്- നിശ്ചിത ഫീസ് ഈടാക്കി റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഹുക്ക അടക്കമുള്ള പുകയില ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ.

പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസിന് റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും ബാധകമായ ഫീസ് ഘടന അടങ്ങിയ നിയമാവലി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.


പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും രണ്ടിനം ഫീസുകളാണ് ബാധകം. വാർഷിക ലൈസൻസ് ഫീസിനു പുറമെ ഓരോ മാസവും ആകെയുള്ള പുകയില ഉൽപന്ന വിൽപനക്ക് തുല്യമായ തുകയും ഫീസ് ആയി അടക്കൽ നിർബന്ധമാണ്. ഈ ഫീസ് ഓരോ മാസാവസാനവും പ്രത്യേകം നിശ്ചയിച്ച അക്കൗണ്ടിലാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇതോടൊപ്പം വിൽപന ഇൻവോയ്‌സുകളെ കുറിച്ച വിശദമായ വിവരങ്ങളും സമർപ്പിക്കണം. സ്ഥാപനങ്ങൾ സമർപ്പിക്കുന്ന ഇൻവോയ്‌സ് വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തുന്നതിന് നഗരസഭകൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. 


പുകയില ഉൽപന്നങ്ങൾ നൽകുന്ന റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും ബാധകമായ വാർഷിക ലൈസൻസ് ഫീസ്, സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരങ്ങൾക്കും ഈ നഗരങ്ങളിലെ തന്നെ കൂടുതൽ ആകർഷകമായ സ്ഥലങ്ങൾക്കും അനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്.

റിയാദ്, മക്ക, മദീന, ദമാം, അൽകോബാർ, ദഹ്‌റാൻ, ജിദ്ദ എന്നീ നഗരങ്ങളെ ഏറ്റവും ഉയർന്ന ഫീസ് ബാധകമായ ഒന്നാം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബുറൈദ, അബഹ, ജിസാൻ, ഹായിൽ, തബൂക്ക്, നജ്‌റാൻ, സകാക്ക, അൽബാഹ, അറാർ, തായിഫ്, ഹുഫൂഫ്, ഹഫർ അൽബാത്തിൻ എന്നീ 12 നഗരങ്ങൾ രണ്ടാം വിഭാഗത്തിലാണ്. അൽഖർജ്, യാമ്പു, ഖത്തീഫ്, ഉനൈസ, ഖമീസ് മുശൈത്ത് എന്നീ അഞ്ച് എ വിഭാഗം ബലദിയകളും മജ്മ, സുൽഫി, വാദി ദവാസിർ, ദവാദ്മി അടക്കം 25 ബി വിഭാഗം ബലദിയകളും മൂന്നാം വിഭാഗത്തിലാണ് പെടുന്നത്. അഫ്‌ലാജും ഹോത്ത ബനീ തമീമും അൽഗാത്തും അടക്കം 51 സി വിഭാഗം ബലദിയകളും റുമാഹ്, മഹ്ദുദ്ദഹബ് അടക്കം 60 ഡി വിഭാഗം ബലദിയകളും നാലാം വിഭാഗത്തിൽ പെടുന്നു. ഡി വിഭാഗത്തിൽ പെട്ട 127 ചെറു ബലദിയകളാണ് അഞ്ചാം വിഭാഗത്തിലുള്ളത്. 


ഒന്നാം വിഭാഗത്തിൽപെട്ട വൻ നഗരങ്ങളിലെ ഏറ്റവും ആകർഷകമായ എ വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസിന് 30,000 റിയാലാണ് വാർഷിക ഫീസ്. ബി വിഭാഗം പ്രദേശങ്ങളിൽ ഇത് 20,000 റിയാലും സി വിഭാഗം പ്രദേശങ്ങളിൽ 10,000 റിയാലുമാണ്. രണ്ടാം വിഭാഗത്തിൽ പെടുന്ന നഗരങ്ങളിൽ എ വിഭാഗം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വാർഷിക ഫീസ് 20,000 റിയാലും ബി വിഭാഗം പ്രദേശങ്ങളിലെ സ്ഥാപനങ്ങൾക്കുള്ള വാർഷിക ഫീസ് 10,000 റിയാലുമാണ്. മൂന്നാം വിഭാഗത്തിൽ പെടുന്ന നഗരങ്ങളിൽ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വാർഷിക ഫീസ് 15,000 റിയാലും നാലാം വിഭാഗത്തിൽ പെടുന്ന നഗരങ്ങളിൽ 10,000 റിയാലും അഞ്ചാം വിഭാഗത്തിൽ പെടുന്ന നഗരങ്ങളിൽ 5000 റിയാലുമാണ് വാർഷിക ഫീസ്. 

ഒന്നാം വിഭാഗത്തിൽ പെടുന്ന നഗരങ്ങളിൽ പ്രവർത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഹുക്ക വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം റിയാലാണ് വാർഷിക ഫീസ് ആയി നൽകേണ്ടത്. രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ ഇത് 60,000 റിയാലും മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 40,000 റിയാലും നാലാം വിഭാഗം നഗരങ്ങളിൽ 20,000 റിയാലും അഞ്ചാം വിഭാഗം നഗരങ്ങളിൽ 10,000 റിയാലുമാണ്. 
ഫോർ സ്റ്റാർ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഹുക്ക വിതരണം ചെയ്യുന്നതിനുള്ള ഫീസ് യഥാക്രമം 50,000 റിയാൽ, 30,000 റിയാൽ, 20,000 റിയാൽ, 10,000 റിയാൽ, 5,000 റിയാൽ എന്നിങ്ങനെയാണ്. പ്രത്യേക പരിപാടികൾക്കിടെ ഹുക്ക വിതരണം ചെയ്യുന്നതിനുള്ള ലൈസൻസിന് വൻകിട നഗരങ്ങളിൽ 3000 റിയാലും രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 2400 റിയാലും മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1800 റിയാലും നാലാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1200 റിയാലും അഞ്ചാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 600 റിയാലുമാണ് ലൈസൻസ് ഫീസ് ആയി അടക്കേണ്ടത്. 

Latest News