കൊണ്ടോട്ടി- ദേശീയ പതാക ആലേഖനം ചെയ്ത ശിരോവസ്ത്രം ധരിച്ച് പരിശുദ്ധ മക്കയിലേക്ക് ഹജ് നിർവഹിക്കാൻ കേരളത്തിലെ ഹജുമ്മമാർ ഒരുങ്ങുന്നു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു സംസ്ഥാനത്ത്‌നിന്ന് മുഴുവൻ സ്ത്രീകളും ദേശീയ പതാക ആലേഖനം ചെയ്ത ശിരോവസ്ത്രം ധരിച്ച് ഹജിന് പോകുന്നത്. തീർഥാടകരെ ആൾക്കൂട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാനും കൂട്ടം തെറ്റിപ്പോയാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനും വേണ്ടിയാണ് കേരള സംസ്ഥാന ഹജ് കമ്മിറ്റി തീർഥാടകരുടെ തട്ടത്തിൽ ദേശീയ പതാക ആലേഖനം ചെയ്ത സ്റ്റിക്കർ പതിക്കുന്നത്. സ്ത്രീകളായ ഹജുമ്മമാരുടെ ശിരോവസ്ത്രത്തിൽ തയ്ക്കാനായി രണ്ടു സ്റ്റിക്കറാണ് ഈ വർഷം സംസ്ഥാന ഹജ് കമ്മിറ്റി നൽകുന്നത്. കറുത്ത പ്രതലത്തിലുളള ശീലയിൽ ഇരുഭാഗങ്ങളിലുമാണ് ദേശീയ പതാക ആലേഖനം ചെയ്തിരിക്കുന്നത്. ഇവയിൽ അൽഹിന്ദ് എന്ന് അറബിയിലും ഇന്ത്യ, കേരള സംസ്ഥാന ഹജ് കമ്മിറ്റി എന്ന് ഇംഗ്ലീഷിലും കേരളം എന്ന് മലയാളത്തിലും ചേർത്തിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ കവർ നമ്പർ, ഹജ് തീർഥാടന വേളയിൽ സഹായികളായി വരുന്ന വളണ്ടിയറുടെ മൊബൈൽ നമ്പർ എന്നിവ എഴുതിച്ചേർക്കാനും ഇടമുണ്ട്. ശിരോവസ്ത്രത്തിന്റെ പിറകിൽ കഴുത്തിന് താഴെയായി ഹജ് കമ്മിറ്റി തുണിയിൽ നെയ്ത് തയാറാക്കിയ സ്റ്റിക്കർ തയ്ച്ചുവെക്കാനാണ് നിർദേശിച്ചിട്ടുളളത്. തീർഥാടകരുടെ അവസാനഘട്ട പരിശീലന ക്ലാസുകളിൽ സ്റ്റിക്കർ വിതരണം ചെയ്തു വരികയാണ്.
മഴയും വെയിലുമേറ്റാലും നശിക്കാത്ത രീതിയിലാണ് സ്റ്റിക്കർ തയാറാക്കിയിരിക്കുന്നത്. കേരളത്തിൽനിന്ന് ഇതുവരെ 11,413 പേർക്കാണ് അവസരം ലഭിച്ചിട്ടുളളത്. ഇവരിൽ ആറായിരത്തോളം പേരും സ്ത്രീകളാണ്. ഹജ് തീർഥാടകരെ തിരിച്ചറിയാനായി കൈയിൽ കെട്ടുന്നതിന് കവർ നമ്പർ ആലേഖനം ചെയ്ത ലോഹ വളയും ടാഗും നൽകുന്നുണ്ട്.
എന്നാൽ സ്ത്രീകളായ തീർഥാടകർ കൈയടക്കം വസ്ത്രത്തിൽ മൂടുന്നതിനാൽ തിരിച്ചറിയൽ അടയാളം കാണുകയില്ല. അതിനാലാണ് സംസ്ഥാന ഹജ് കമ്മറ്റി ഈ വർഷം സ്ത്രീകൾക്ക് മാത്രമായി പുതിയ സ്റ്റിക്കർ തയാറാക്കിയത്. രണ്ടു ശിരോവസ്ത്രങ്ങളിൽ ഹജ് കമ്മിറ്റി നൽകുന്ന സ്റ്റിക്കർ പതിക്കണമെന്നാണ് തീർഥാടകരോട് നിർദേശിച്ചിട്ടുളളത്.