Sorry, you need to enable JavaScript to visit this website.

കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി

തിരുവനന്തപുരം- കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്കിന് ഒടുവില്‍ റിസര്‍വ്‌ ബാങ്കിന്റെ അനുമതി ലഭിച്ചു. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചു കൊണ്ടാണ് കേരള ബാങ്ക് രൂപീകരിക്കുക. 13 ജില്ലാ ബാങ്കുകളും രൂപീകരണത്തിന് അനുമതി നല്‍കിയപ്പോള്‍ മലപ്പുറം ജില്ല സഹകരണ ബാങ്ക് ഇനിയും അനുമതി നല്‍കിയിട്ടില്ല. യുഡിഎഫ് ഭരിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളുടെ എതിര്‍പ്പും സാങ്കേതിക പ്രശ്‌നങ്ങളും മറ്റും കാരണം ഏറെനാളായി ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതിനെ തടസ്സപ്പെടുത്തുകയാണ്.

ത്രിതല സംവിധാനമാണ് ബാങ്കിന്റെ പൊതുഘടന. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രാഥമിക സഹകരണ ബാങ്കും ഇതിന്റെ ഭാഗമാകും. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡ പ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിച്ചതിനെ തുടര്‍ന്നാണ് ബാങ്കിന് അനുമതി ലഭിച്ചത്. സഹകരണ ബാങ്കുകളുടെ 804 ബാങ്കുകളാണ് കേരള ബാങ്കില്‍ ലയിക്കുന്നത്.

സംസ്ഥാന സഹകരണ ബാങ്കില്‍ ഏകദേശം 7000 കോടി രൂപയും ജില്ലാ ബാങ്കുകളില്‍ 47,047 കോടി രൂപയുടേയും നിക്ഷേപം ഉണ്ട്. ഈ തുക സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കും വിധം ഒരു വാണിജ്യ ബാങ്കായി കേരള ബാങ്ക് പ്രവര്‍ത്തിക്കും. കേരളത്തില്‍ നിന്നുള്ള ബാങ്കുകള്‍ പുറത്ത് നിന്നുള്ള ബാങ്കുകളുമായി ലയിച്ചതും ഓഹരി വിറ്റഴിക്കലിലൂടെ നിയന്ത്രണം നഷ്ടമായതും കാരണം കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് പറയാന്‍ കാര്യമായ ബാങ്കുകളൊന്നും ഇല്ലാത്ത അവസ്ഥയിലാണ് കേരള ബാങ്ക് രൂപം കൊള്ളുന്നത്. കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന തീരുമാനമാണിത്.

Latest News