Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്‌ ഫോണ്‍ ബാറ്ററി വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നൊബേല്‍

സ്റ്റോക്കോം- സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ സമ്മാനം. യുഎസുകാരായ ജോണ്‍ ബി ഗുണിനഫ്, എം സ്റ്റാന്‍ലി വിറ്റിങാം, ജാപനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോ എന്നിവരാണ് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് പ്രഖ്യാപിച്ച നോബേല്‍ സമ്മാനം പങ്കിട്ടത്. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ കണ്ടുപിടിത്തമായിരുന്നു ലിഥിയന്‍ അയണ്‍ ബാറ്ററി. സ്മാര്‍ട് ഉപകരണങ്ങള്‍ക്കു പുറമെ ഈ ബാറ്ററിയില്‍ ഓടുന്ന ഇലക്ടിക് കാറുകള്‍ വരെ ഇന്നു വിപണിയിലുണ്ട്. ഈ ബാറ്ററി വികസിപ്പിച്ചതിലൂടെ ഈ ശാസ്ത്രജ്ഞര്‍ വയര്‍ലെസ്, ഫോസില്‍ ഇന്ധന മുക്തമായ ഒരു സമൂഹത്തിന് അടിത്തറ പാകി എന്ന് സമ്മാനം പ്രഖ്യാപിച്ച റോയല്‍ അക്കാഡമി വിലയിരുത്തി. സമ്മാന തുകയായ ഒമ്പത് ലക്ഷം സ്വീഡിഷ് ക്രോണ മൂന്നു പേരും തുല്യമായി പങ്കിടും.

1922ല്‍ ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡിനഫ് ഇപ്പോള്‍ അമേരിക്കയിലെ യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ അധ്യാപകനാണ്. 1941ല്‍ ബ്രിട്ടനില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങാം അമേരിക്കയിലെ തന്നെ ബിങാംടണ്‍ യുണിവേഴ്‌സിറ്റിയിലും പഠിപ്പിക്കുന്നു. 1948ല്‍ ജപ്പാനില്‍ ജനിച്ച അകിര യോഷിനോ ജപാനിലെ മെയ്‌ജോ യൂണിവേഴ്‌സിറ്റില്‍ പ്രൊഫസറാണ്.

Latest News