Sorry, you need to enable JavaScript to visit this website.

പാക് അനുകൂലിയെങ്കില്‍ മോഡി സര്‍ക്കാര്‍  പത്മവിഭൂഷണ്‍ തന്നതെന്തിന്? ശരദ് പവാര്‍

മുംബൈ-താന്‍ പാക്കിസ്ഥാന്‍ അനുകൂലിയാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. പാക്കിസ്ഥാന്‍ അനുകൂലിയാണെങ്കില്‍ എന്തിനാണ് മോഡി സര്‍ക്കാര്‍ തനിക്ക് പദ്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതെന്ന് പവാര്‍ ചോദിച്ചു.
മഹാരാഷ്ട്രയില്‍ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ശരദ് പവാറിനെതിരെ രംഗത്ത് വന്നത്. പവാര്‍ പാക്കിസ്ഥാനിലെ ആതിഥ്യം വളരെയധികം ഇഷ്ടപ്പെടുന്നതെന്തിനാണെന്നാണ് മോഡി അന്ന് ചോദിച്ചത്. ഇതിനെതിരെയാണ് പവാര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. മോഡി പ്രധാനമന്ത്രി പദത്തിന്റെ ബഹുമാന്യത ഇല്ലാതാക്കുകയാണെന്ന് പവാര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പദവി വ്യവസ്ഥാപിതമാണ്. ശരിയായ വിവരങ്ങള്‍ സമാഹരിക്കാന്‍ അതിന് വിവിധ വഴികളുണ്ട്. ഞാന്‍ പറയുന്നതെന്താണെന്ന് കൃത്യമായി മനസിലാക്കിയിട്ട് വേണം പ്രധാനമന്ത്രി അതേപറ്റി പ്രസ്താവന നടത്തേണ്ടത്. എന്നാല്‍ ഞാനെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിനു മുമ്പെ പ്രധാനമന്ത്രി ആരോപണം ഉന്നയിക്കുകയാണ്. ഞാന്‍ പാക്കിസ്ഥാന്‍ അനുകൂലിയും രാജ്യ താത്പര്യങ്ങള്‍ക്ക് എതിരുമാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അങ്ങനെയെങ്കില്‍ എന്തിനാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എനിക്ക് പദ്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയത് പവാര്‍ ചോദിച്ചു.
പദ്മവിഭൂഷണെന്നാല്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമാണ്. ബിജെപി സര്‍ക്കാര്‍ അത് നല്‍കിയെങ്കില്‍ അതിനര്‍ഥം ഞാന്‍ രാജ്യത്തിന് വേണ്ടി മൂല്യവത്തായ എന്തെങ്കിലും ചെയ്തുവെന്നതല്ലെയെന്നും പവാര്‍ ചോദിച്ചു. എന്തിനാണ് ഈ വൈരുധ്യം. പദ്മവിഭൂഷണ്‍ നിങ്ങള്‍ നല്‍കുന്നു, എന്നാല്‍ മറ്റൊരു വഴിയില്‍ ഞാന്‍ പാക്ക് പക്ഷവാദിയെന്ന് പ്രചരിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും ഉന്നതമായൊരു സ്ഥാനത്തിരിക്കുന്ന ആളില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടാകുന്നത് ഒട്ടും നല്ലതല്ലെന്നും പവാര്‍ വിമര്‍ശിച്ചു.
താന്‍ പാക്കിസ്ഥാനിലെ ജനങ്ങളുടെ മനോഭാവത്തെപ്പറ്റി നടത്തിയ പ്രസ്താവനയാണ് മോഡി വളച്ചൊടിച്ചത്. പാക്കിസ്ഥാനിലെ സര്‍ക്കാരും അവിടുത്തെ സൈന്യവും ഇന്ത്യാ വിരുദ്ധ നിലപാടെടുക്കുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ അവിടുത്തെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരില്‍ പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്. അവര്‍ പരസ്പരം കാണുകയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിലെ നേതാക്കളുടെ പ്രശ്‌നങ്ങളും അവിടുത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. നേതാക്കളാണ് ഇന്ത്യാ വിരുദ്ധ സാഹചര്യങ്ങള്‍ ഒരുക്കുന്നത്. ഇതായിരുന്നു എന്റെ പ്രസ്താവന. അതിലെവിടെയാണ് പാക്ക് അനുകൂല നിലപാടുള്ളതെന്ന് മോഡി കാണിച്ച് തരണമെന്നും പവാര്‍ പറഞ്ഞു.

Latest News