Monday , October   14, 2019
Monday , October   14, 2019

കുടുംബത്തിലെ മറ്റു രണ്ടു മരണങ്ങളിലൂം ദുരൂഹത, ജോളിയെ സംശയം; അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളിയുടെ കുടുംബത്തില്‍ രണ്ടു ദൂരൂഹ മരണങ്ങള്‍ കൂടി ഉണ്ടായതായി ആരോപണം. ജോളിയുടെ ആദ്യ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദര പുത്രന്മാരായ സനീഷ്, വിന്‍സന്റ് എന്നിവരുടെ മരണത്തിലും ജോളിക്കു പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഈ മരണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും സുനീഷിന്റെ അമ്മ എല്‍സമ്മ ആവശ്യപ്പെട്ടു. പരമ്പരയിലെ ആദ്യ മരണമായ പൊന്നാമറ്റത്തെ അന്നമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസം 2002 ഓഗസ്റ്റ് 24നാണ് വിന്‍സെന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തില്‍ മരിക്കുന്നത്.  സുനീഷിന് ജോളിയുമായും മരിച്ച ഭര്‍ത്താവ് റോയിയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. സുനീഷിന്റെ ഡയറിക്കുറിപ്പിലെ തന്നെ കുടുക്കിയതാണെന്ന പരാമര്‍ശം കണ്ടത് സംശയം ജനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു.