Sorry, you need to enable JavaScript to visit this website.

ലിബിയൻ സയാമീസ് ഇരട്ടകൾ റിയാദിലെത്തി

റിയാദ്- വേർപെടുത്തൽ ശസ്ത്രക്രിയക്കായി ലിബിയൻ സയാമീസ് ഇരട്ടകളെ റിയാദിൽ കൊണ്ടുവന്നു. സയാമീസ് ഇരട്ടകളായ മുഹമ്മദ് അൽബഷീർ ഉസ്മാനും അഹ്മദ് അൽബഷീർ ഉസ്മാനും ഒപ്പം മാതാപിതാക്കളും നാലു സഹോദരിമാരും എത്തിയിട്ടുണ്ട്.

ലിബിയയിലെ ട്രിപ്പോളിയിൽ നിന്ന് തുനീഷ്യ വഴിയാണ് സയാമീസ് ഇരട്ടകളും കുടുംബവും റിയാദിലെത്തിയത്. 
തിങ്കളാഴ്ച രാത്രിയാണ് കുട്ടികളും കുടുംബവും ലിബിയയിൽ നിന്ന് തുനീഷ്യയിലെ സൗദി എംബസിയിലെത്തിയത്. റിയാദ് യാത്രക്കു മുന്നോടിയായി വേണ്ട ക്രമീകരണങ്ങളും സൗകര്യങ്ങളും എംബസി ഏർപ്പെടുത്തിയിരുന്നു. 


റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുട്ടികളെ വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. ലിബിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ച് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകുകയായിരുന്നു. 


ലിബിയയിലെ ട്രിപ്പോളിയിൽ ജൂൺ 24 ന് ആണ് സയാമീസ് ഇരട്ടകൾ പിറന്നത്. നെഞ്ചിന്റെ അടിഭാഗവും വയറും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളുടെ ആന്തരികാവയവങ്ങൾ പരസ്പരം കൂടിച്ചേർന്ന നിലയിലാണ്. ഇരുവർക്കും കൂടി ഒരു ഇടുപ്പാണുള്ളത്. കുട്ടികൾക്ക് രണ്ടു പേർക്കും ഓരോ കാലുകൾ വീതമുണ്ട്. വൈകല്യമുള്ള മൂന്നാമതൊരു കാൽ ഇരുവരും പങ്കുവെക്കുന്നു. മലദ്വാരമില്ലാതെ പിറന്ന കുട്ടികൾക്ക് ലിബിയയിലെ മെഡിക്കൽ സംഘം ശസ്ത്രക്രിയയിലൂടെ താൽക്കാലികമായി കൃത്രിമ മലദ്വാരം ഉണ്ടാക്കുകയായിരുന്നെന്ന് സൗദിയിൽ സയാമീസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘം മേധാവിയും റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ.അബ്ദുല്ല അൽറബീഅ പറഞ്ഞു.

റിയാദിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ലിബിയൻ സയാമീസ് ഇരട്ടകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest News