മക്കയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കനത്ത മഴ; ജിദ്ദയിലും മഴപെയ്തു

മക്ക- വിശുദ്ധ ഹറമിലും പരിസരങ്ങളിലും ഉള്‍പ്പെടെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ശക്തമായ മഴ ലഭിച്ചു.  പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി. മഴയും പൊടിക്കാറ്റും തുടരുമെന്നതിനാല്‍  പൊതുജനം ജാഗ്രത പുലര്‍ത്തണമെന്ന് മക്കാ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
അദ്ഹം, ജുമൂം, ഖുര്‍മ, തായിഫ്, കാമില്‍, മുവൈഹ, തുര്‍ബ, ഖുലൈസ്, മയ്‌സാന്‍ എന്നിവിടങ്ങളില്‍ ദൃശ്യക്ഷമത നന്നെ കുറക്കുന്ന വിധം ശക്തമായ പൊടിക്കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന്
പരിസ്ഥിതി സംരക്ഷണ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രാത്രിയും ഇന്നു രാവിലെയും പൊടിക്കാറ്റ് രൂക്ഷമായിരുന്ന ജിദ്ദയുടെ ചില ഭാഗങ്ങളിലും ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചു. അതേസമയം, അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് പ്രവിശ്യാ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
വടക്കന്‍ ജിസാനിലെ ബെയ്ഷില്‍ ഉച്ചയോടെ ശക്തമായ മഴ പെയ്തു.
നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായത് ജനജീവിതം ദുസ്സഹമാക്കി. പ്രദേശ വാസികള്‍ ബെയ്ഷ് ബലദിയ അധികൃതര്‍ക്കൊപ്പം വെള്ളം നീക്കം ചെയ്യുന്നതിന് രംഗത്തിറങ്ങി.

 

 

Latest News