റിയാദ്- സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തിരുത്തലുകൾ വരുത്തുന്നു.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലകളിൽ തിരുത്തലുകൾ വരുത്തുന്നത്. യഥാർഥ പ്രവർത്തന മേഖലക്ക് അനുസൃതമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ രേഖകളിൽ, സ്ഥാപനങ്ങളുടെ പ്രവർത്തന മേഖല തിരുത്തൽ വരുത്തുകയാണ് ചെയ്യുന്നത്.
തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സൗദിവൽക്കരണ പദ്ധതിക്ക് കൂടുതൽ അനുയോജ്യമാക്കി മാറ്റുന്നതിനുമാണ് സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലകളിൽ തിരുത്തലുകൾ വരുത്തുന്നത്. ചില സ്ഥാപനങ്ങളുടെ യഥാർഥ പ്രവർത്തന മേഖലയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ രേഖപ്പെടുത്തിയ പ്രവർത്തന മേഖലയും തമ്മിൽ വ്യത്യാസമുണ്ട്.
ഇത് സൗദിവൽക്കരണ ശ്രമങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വ്യത്യസ്ത അനുപാതത്തിലുള്ള സ്വദേശിവൽക്കരണമാണ് ബാധകം. ഇതാണ് സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലകളിൽ തിരുത്തലുകൾ വരുത്തുന്ന പദ്ധതി ആരംഭിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പ്രേരകം.
സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലകൾ രജിസ്റ്റർ ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കണമെന്ന് സ്ഥാപന ഉടമകളോട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. രേഖകളിൽ യഥാർഥ പ്രവർത്തന മേഖലയാക്കി മാറ്റുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെ സമീപിച്ച് സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ പുതുക്കുകയാണ് ആദ്യം വേണ്ടത്.
ഇതിനു ശേഷം യഥാർഥ പ്രവർത്തന മേഖലക്ക് അനുസൃതമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ രേഖകളിൽ തിരുത്തലുകൾ വരുത്തുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം. തിരുത്തലുകൾ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.