കോട്ടയം- പാലാ നിയമസഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാണി സി.കാപ്പൻ നാളെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും എം.എൽ.എമാരും പാർട്ടി, മുന്നണി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മാണി സി.കാപ്പന്റെ ഭാര്യ ആലീസ്, മക്കളായ ടീന, ദീപ, സഹോദരങ്ങൾ, ബന്ധുക്കൾ, പാലായിൽ നിന്നുള്ള പാർട്ടി, മുന്നണി പ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും.
കെ.എം മാണിയുടെ നിര്യാണത്തെത്തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലാ മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിലും വിജയിച്ച കെ.എം മാണിയുടെ വിയോഗത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ വിജയിച്ചു.






