കാസർകോട് - ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിട്ട യുവാവിനെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ മധൂർ ഉളിയത്തടുക്കയിലെ മുഹമ്മദ് നൗഫലിനെ (29) യാണ് പോലീസ് പിടികൂടിയത്. മതവികാരം ഇളക്കിവിട്ട് നാട്ടിൽ വർഗീയ സംഘർഷം പടർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ഇയാൾ പോലീസ് പിടിയിലായത്.
കാസർകോട് ടൗൺ എസ്.ഐ ആയിരുന്ന മുകുന്ദനെയും പോലീസുകാരെയും കയ്യേറ്റം ചെയ്ത കേസിൽ ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് നൗഫൽ. മുള്ളേരിയ പെട്രോൾ പമ്പിന് സമീപം ജാഫർ എന്നയാളെ ആറംഗ സംഘം പേര് ചോദിച്ചു മർദിച്ച സംഭവത്തിനെതിരെ മതവികാരം ഇളക്കിവിടുന്ന തരത്തിലും തിരിച്ചടിച്ചു സംഘർഷം ഉണ്ടാക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള നൗഫലിന്റെ ശബ്ദസന്ദേശം വാട്‌സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിപ്പിച്ചിരുന്നു.
എറണാകുളത്ത് നിന്നും ഗാന്ധിധാം എക്‌സ്പ്രസിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവാവിനെ ആദൂർ സി.ഐ കെ.പ്രേംസദൻ, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിന്റെ നിർദേശ പ്രകാരം പോലീസ് സംഘം യുവാവിനെ പിടികൂടുന്നതിന് വലവിരിച്ചു കാത്തുനിൽക്കുന്നതിനിടെയാണ് രാത്രി ട്രെയിനിൽ നൗഫൽ നാട്ടിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചത്. എറണാകുളം മറൈൻ ഡ്രൈവിൽ മൊബൈൽ ഷോപ്പ് നടത്തുന്ന നൗഫലിനെ, ശബ്ദസന്ദേശം പ്രചരിപ്പിച്ചതിനെ തുടർന്ന് എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.
കേസില്ലാത്തതിന്റെ പേരിലാണ് എൻ.ഐ.എ യുവാവിനെ വിട്ടയച്ചത്. എന്നാൽ ആദൂർ പോലീസ് പ്രതിയെ കുടുക്കുകയായിരുന്നു. എ.എസ്.ഐ മോഹനൻ, പോലീസ് ഓഫീസർമാരായ ഫിലിപ് തോമസ്, ഗോകുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.






