കാസർകോട്- മഞ്ചേശ്വരത്ത് യു.ഡി.എഫ് നേരിടുന്നത് രണ്ട് തന്ത്രിമാരെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി രവീശ തന്ത്രിയിൽ നിന്ന് അനുഗ്രഹം വാങ്ങി പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി കപട ഹിന്ദുത്വ വാദിയാണ്. രണ്ട് തന്ത്രിമാരെയും എതിർക്കേണ്ട ഉത്തരവാദിത്തം യു.ഡി.എഫിനുണ്ട്. രണ്ട് പേരുടെയും സ്വഭാവം ഒന്നു തന്നെയാണ്. മഞ്ചേശ്വരത്തെ ജനങ്ങൾ ഇത് തിരിച്ചറിയണം. ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെയുള്ള പോരാട്ടമാണ് മഞ്ചേശ്വരത്ത് യു.ഡി.എഫ് നടത്തുന്നത്. ഈ മത്സരത്തിൽ എൽ.ഡി.എഫിന് യാതൊരു പ്രസക്തിയുമില്ല -ചെന്നിത്തല പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ പോലും കേസെടുക്കുന്നു. പ്രധാനമന്ത്രിക്ക് കത്ത് അയച്ച സാംസ്‌കാരിക നായകർക്കെതിരെ കേസെടുക്കുന്നു. ഇത് എന്തൊരു ജനാധിപത്യമാണ്. മഞ്ചേശ്വരത്തെ ജനാധിപത്യ, മതേതര വിശ്വാസികൾ ഇതിനുള്ള മറുപടി ഉപതെരഞ്ഞെടുപ്പിൽ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു.
കുണ്ടംകാരടുക്കയിൽ നടന്ന കുടുംബ സംഗമത്തിൽ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അഷറഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പുണ്ടരികാക്ഷ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, അഡ്വ.നാലകത്ത് സൂപ്പി, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, സ്ഥാനാർഥി എം.സി ഖമറുദ്ദീൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോൺ ജോൺ, എ.സുബ്ബയ്യ റൈ, അഡ്വ. കെ.കെ.രാജേന്ദ്രൻ, ജെ.എസ്.സോമശേഖര, സുന്ദര ആരിക്കാടി, കരുൺ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാർ, എം.സി.പ്രഭാകരൻ, ഗീതാകൃഷ്ണൻ, മണ്ഡലം യു.ഡി എഫ് ചെയർമാൻ എം.അബ്ബാസ്, കൺവീനർ മഞ്ജുനാഥ ആൾവ തുടങ്ങിയവർ പ്രസംഗിച്ചു.