Sorry, you need to enable JavaScript to visit this website.

'സമക്ക് സുറുലു'മായി  സൗത്ത് ബീച്ചിൽ മിമി 

പ്രവാസ ജീവിതത്തിലെ ശീലങ്ങളെ ഒപ്പം കൂട്ടുന്നവരാണ് ഭക്ഷണ പ്രിയരായ മലയാളികൾ. കേരളത്തിൽ അൽപ്പം മുമ്പ് വരെ ട്രെൻഡ് ചിക്കൻ വിഭവങ്ങളുടെ ഭോജനശാല തുടങ്ങുകയെന്നതായിരുന്നു. ഇടക്കാലത്ത് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ദേശീയ പാതയോരത്ത് ധാരാളം കുഴിമന്തി സ്ഥാപനങ്ങൾ ആരംഭിച്ചു. ഇവയുടെ വളർച്ച മുരടിച്ചപ്പോഴാണ് പുത്തൻ ആശയവുമായി മലയാളി സംരംഭകർ രംഗത്തെത്തിയത്. കോഴിക്കോട് ബീച്ചിൽ കുറ്റിച്ചിറ റോഡ് തിരിയുന്നിടത്ത് ഫെയ്മസ് ബേക്കറിയോട് ചേർന്നുള്ള മിമി ഫിഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന ഹോട്ടലാണ്. സുഹൃത്തുക്കളായ പതിനഞ്ച് പേരാണ് സംരംഭത്തിന് പിന്നിൽ. പ്രവാസിയായ നവാസ് എന്ന പങ്കാളിയാണ് ഇത്തരമൊരു നൂതന ആശയം മുന്നോട്ട് വെച്ചത്. 
ജിദ്ദയിലും മറ്റും കുറച്ചു കാലം ജീവിച്ചവർക്ക് സമക്ക് (മീൻ) വിഭവങ്ങളുടെ കാര്യം ആരും പരിചയപ്പെടുത്തേണ്ടതില്ല. പ്രവാസി സംഘങ്ങൾ അവധി ദിവസങ്ങളിൽ അകലെ തൂവലിലെ മതാം അസ്മാക്ക് സന്ദർശിച്ച്  ചുട്ട മീൻ ('സമക്ക് സുറുലു')തീറ്റ മത്സരം നടത്തുന്നത് പുതിയ കാര്യമല്ല. 


ഗൾഫ് നഗരങ്ങളിൽ അറബിക് സ്റ്റൈൽ ഹോട്ടലുകളിൽ ചെന്ന് ഓർഡർ ചെയ്യുന്നത് പോലെ ഇവിടെ മത്സ്യ വിഭവങ്ങൾ ലഭ്യമാണ്. ചുട്ട മീൻ ശീലമാക്കിയ ജിദ്ദ പ്രവാസികൾക്ക് നാട്ടിലെത്തിയാലും കുടുംബാംഗങ്ങൾക്കൊപ്പം ഇതേ സൗകര്യം ലഭിക്കുന്നു. കോഴിക്കോട്ട് മീൻ വിഭവങ്ങളിൽ സ്‌പെഷ്യലൈസ് ചെയ്ത സ്ഥാപനങ്ങൾ ഇതിന് മുമ്പും ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് കാമ്പസിനകത്തെ മത്സ്യഫെഡ് ഷോറൂമിൽ രുചിയേറിയ ഫിഷ് കട്‌ലേറ്റുകൾ കാൽ നൂറ്റാണ്ടിനപ്പുറം ലഭിച്ചിരുന്നു. മിനി ബൈപാസിൽ പുതിയറ ജംഗ്ഷനിൽ ഏതാനും വർഷങ്ങൾക്കപ്പുറം തുടങ്ങിയ വൈറ്റമിൻ എന്ന ഹോട്ടലിലേക്ക് പ്രവേശിച്ചത് തന്നെ അക്വേറിയത്തിലേക്കെന്ന പോലെയായിരുന്നു. തിരക്കേറിയ കവലയിലെ ഈ ഹോട്ടൽ ഇപ്പോഴില്ല. എക്‌സ്‌ക്ലൂസീവ് അറബിക് ഫിഷ് വിഭവങ്ങളുടെ ആദ്യ കേന്ദ്രമായ മിമിയ്ക്ക് ഇടപാടുകാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്ഥാപനത്തിന്റെ വക്താവ് സൽമാൻ പറഞ്ഞു.  
ഫിഷ് അറബിക് ഫ്രൈ, ഫിഷ് ലെമൻ ബട്ടർ സ്‌പൈസി എന്നിവയാണ് മിമിയിലെ പ്രത്യേക വിഭവങ്ങൾ. ഫിഷ് പൊള്ളിച്ചത്, ഫിഷ് തവ, ഫിഷ് തവ (കോണ്ടിനന്റൽ), ഫിഷ് ഗ്രിൽഡ് (അൽഫാം), ഫിഷ് ഹൈദരാബാദി എന്നിവയും മെനുവിലുണ്ട്. 


സ്റ്റാർട്ടറുകളായി മിമി സിഗ്‌നേച്ചർ സീ ഫുഡ് സമൂസ, കുഞ്ഞാലിമരക്കാർ പ്രോൺസ് ടെമ്പുറ, ഹണി ഗ്ലേസ്ഡ് പ്രോൺസ്, നരകത്തിലെ പ്രോൺസ് (പ്രോൺസ് സ്റ്റീക്ക്) തുടങ്ങിയവയുമുണ്ട്. 
റൈസ് മന്തി സഹദിയ, ഗീ ബിരിയാണി, റെഡ് റൈസ്, കബ്‌സ എന്നിവയ്ക്കും ആവശ്യക്കാരേറെ.  
ഫിഷ് മോളി, മാങ്ങ ഇട്ട മീൻ കറി, ഫിഷ് മപ്പാസ്, ഫിഷ് മസാല, കൂന്തൾ ഡ്രൈ ഫ്രൈ, കൂന്തൽ റോസ്റ്റ്, ക്രാബ് പെപ്പർ റോസ്റ്റ്, ക്രാബ് ഗീ റോസ്റ്റ്, ക്രാബ് മസാല
എന്നീ കറികൾക്കും ആവശ്യക്കാരേറെയാണ്.  രുചി വർധിപ്പിക്കാൻ അജിനോ മോട്ടോ പോലുള്ള കൃത്രിമ ചേരുവകൾ ഉപയോഗിക്കാറില്ലെന്ന് സൽമാൻ പറഞ്ഞു. 

 

Latest News