Sorry, you need to enable JavaScript to visit this website.

കേരളത്തിൽ സവർണ അവർണ വേർതിരിവുണ്ടാക്കി വർഗീയ കലാപമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു- സുകുമാരൻ നായർ

ചങ്ങനാശ്ശേരി- കേരളത്തിൽ സവർണ-അവർണ വേർതിരിവുണ്ടാക്കി സംസ്ഥാന സർക്കാർ വർഗീയ കലാപത്തിനു വഴിയൊരുക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തു നടന്ന വിജയദശമി നായർ മഹാസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് സുകുമാരൻ നായർ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ സവർണ-അവർണ ചേരിതിരിവുണ്ടാക്കുകയാണു സർക്കാർ. സവർണനും അവർണനുമെന്ന വേർതിരിവ് ഇപ്പോഴില്ല. ഇത്തരം ചിന്തകൾ മനുഷ്യരുടെ മനസ്സിൽനിന്ന് എന്നെന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നാക്കപിന്നാക്ക വിഭാഗീയത വളർത്തുകയും ജാതീയമായി പോലും ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും നവോത്ഥാന സമിതി സ്ഥിരം സംവിധാനമാക്കാനുള്ള സർക്കാർ നീക്കത്തെ പരാമർശിച്ച് സുകുമാരൻ നായർ വ്യക്തമാക്കി. 
കേരളത്തിൽ വർഗീയ കലാപത്തിനു വഴിയൊരുക്കുകയാണു യഥാർഥത്തിൽ ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർ ഇതിലൂടെ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കും വേണ്ടി മാത്രം നിലകൊണ്ടാൽ അവരുടെ വോട്ട് നേടാം എന്നാണു സർക്കാർ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തിൽ കുറവാണെന്നതാണു കാരണം. മുന്നാക്ക വിഭാഗങ്ങളിലെ പാവങ്ങൾക്കു മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഈ സർക്കാർ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണ് ഇതുചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായങ്ങൾക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ടുവർഷമായി തടഞ്ഞുവെച്ചിരിക്കുകയാണ്. 50 കോടിയിൽ കൂടുതൽ രൂപയാണ് ഇങ്ങനെ തടഞ്ഞുവെച്ചിരിക്കുന്നത്.
ഈ വിഷയം വളരെ ഗൗരവത്തിൽ എൻ.എസ്.എസ് ഉന്നയിച്ചിട്ടും അതു പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. അതേസമയം ഒന്നു തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽച്ചെന്ന് കാബിനറ്റ് അവിടെക്കൂടി അവർ ചോദിക്കുന്നതെല്ലാം അനുവദിച്ചുകൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
 

Latest News