കശ്മീരില്‍ വ്യാഴാഴ്ച മുതല്‍ വിനോദ സഞ്ചാരികളെ അനുവദിക്കും

ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനു ശേഷം നീക്കുന്നു. വ്യാഴാഴ്ച മുതല്‍ വിനോദ സഞ്ചാരികളെ അനുവദിക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ പുനരവലോക യോഗത്തിലാണ് ഇതു തീരുമാനമായത്. ടൂറിസ്റ്റുകള്‍ കശ്മീര്‍ വിട്ടു പോകണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ഒക്ടോബര്‍ 10 വരെ മാത്രമെ പ്രാബല്യത്തിലുണ്ടാകൂ എന്ന്് സര്‍ക്കാര്‍ അറിയിച്ചു. 

ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത്. ഇതിനു പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇവ ഇപ്പോഴും തുടരുകയാണ്. ഏതാനും നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയിട്ടുണ്ടെങ്കിലും കര്‍ശന നിരീക്ഷണത്തിലാണ് സാധാരണക്കാരുടെ ജീവിതം. സംസ്ഥാനത്തെ വിഭജിച്ചതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിനടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഇതോടെ സംസ്ഥാനത്തിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയും സ്തംഭിച്ചിരുന്നു. എല്ലാ വിനോദ സഞ്ചാരികളോടും ഉടന്‍ കശ്മീര്‍ വിട്ടു പോകാന്‍ കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതോടെ ടൂറിസത്തെ ആശ്രയിക്കുന്നവരുടെ ജീവിതവും താറുമാറായി. വിലക്ക് നീക്കി വീണ്ടും ടൂറിസ്റ്റുകളെ അനുവദിച്ചെങ്കിലും കശ്മീരില്‍ നിലവിലെ സാഹചര്യങ്ങള്‍ കാരണം സന്ദര്‍ശകരുടെ എണ്ണത്തില്‍ ദീര്‍ഘ നാളത്തേക്ക് കുറവുണ്ടാകുമെന്നാണ് ടൂര്‍ ഓപറേറ്റര്‍ മാരുടെ ആശങ്ക.
 

Latest News