തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഏഴു പേർക്ക് പരിക്ക്

തളിപ്പറമ്പ്- തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ലീഗ് നേതാവും മുനിസിപ്പൽ കൗൺസിലർ അടക്കമുള്ളവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദിന്റെയും യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ.സുബൈറിന്റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ രാത്രി പുഷ്പഗിരിയിൽ യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിലാണ് സംഘർഷത്തിന്റെ തുടക്കം. യോഗത്തിലേക്ക് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ കാട്ടി അഷ്‌റഫ് (36), എം.വി.ഫാസിൽ (37), കെ.വി.അമീർ (36), എന്നിവരെ തളിപ്പറമ്പ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും ഉസ്മാൻ (38), കെ.പി.നൗഷാദ് (37) എന്നിവരെ ലൂർദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളെയും മേൽ കമ്മിറ്റിയേയും അറിയിക്കാതെ യോഗം ചേർന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് തങ്ങളെ മർദിക്കുകയായിരുന്നു എന്ന് ഒരു വിഭാഗവും നഗരസഭാ കൗൺസിലർ സി.മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള സംഘം യോഗത്തിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു എന്ന് എതിർ വിഭാഗവും ആരോപിക്കുന്നു.
പരസ്പരം ഏറ്റുമുട്ടിയ ഇരുവിഭാഗത്തെയും പിന്നീട് തളിപ്പറമ്പ എസ്.ഐ കെ.പി.ഷൈനിയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നീക്കുകയായിരുന്നു.
പിന്നീട് രാത്രി 11 മണിയോടെ ലൂർദ് ആശുപത്രിക്ക് മുന്നിൽ വീണ്ടും പ്രവർത്തകർ ഏറ്റുമുട്ടി. പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചക്കായി ആശുപത്രിയിൽ നിന്നും ഇറങ്ങിവന്നവരെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഫാസിൽ, കെ.എസ്.ഇർഷാദ്, എ.മുസ്തഫ, സുബൈർ മണ്ണൻ, ടി.കെ.മൻസൂർ എന്നിവരെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യത്തെ ആക്രമണത്തിൽ പി.കെ.സുബൈർ വിഭാഗത്തിൽ പെട്ടവർക്കും രണ്ടാമത് മഹമ്മൂദ് അള്ളാംകുളം വിഭാഗത്തിൽ പെട്ടവർക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് കേസുകളിലായി നഗരസഭാ കൗൺസിലർ മുഹമ്മദ് സിറാജ് അടക്കമുള്ളവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
 

Latest News