Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ 10 ദിവസത്തനിടെ കാല്‍ലക്ഷം ടൂറിസ്റ്റ് വിസ; കൂടുതല്‍ പേര്‍ ചൈനയില്‍നിന്ന്

വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിന് റിയാദ് വിമാനത്താവളത്തിൽ സജ്ജീകരിച്ച ഇ-ലോഞ്ച്.

റിയാദ്- സൗദി അറേബ്യ വിദേശ വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയ ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയത് ചൈനയിൽ നിന്നാണെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 27 മുതലാണ് വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. പത്തു ദിവസത്തിനിടെ 23,715 ടൂറിസ്റ്റ് വിസകൾ അനുവദിച്ചു. 

ചൈനയിൽ നിന്നുള്ള 7391 പേർ പത്തു ദിവസത്തിനിടെ ടൂറിസ്റ്റ് വിസ നേടി. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനിൽ നിന്ന് 6159 പേരും മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് 2132 പേരും പത്തു ദിവസത്തിനിടെ ടൂറിസ്റ്റ് വിസ നേടി. 1612 കാനഡക്കാരും 1107 മലേഷ്യക്കാരും 744 ഫ്രഞ്ചുകാരും 557 ജർമൻകാരും 484 റഷ്യക്കാരും 476 ഓസ്‌ട്രേലിയക്കാരും 421 കസാഖിസ്ഥാൻകാരും പത്തു ദിവസത്തിനിടെ ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ചു. 


വിദേശ രാജ്യങ്ങളിൽനിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ നാലു പ്രധാന എയർപോർട്ടുകളിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇ-ലോഞ്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ സർവീസുകൾക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും വ്യത്യസ്ത ഭാഷകളിൽ മാർഗനിർദേശങ്ങൾ നൽകുന്ന ബോർഡുകളും ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജിന്റെ കൗണ്ടറുകളുമുണ്ട്. ടൂറിസ്റ്റുകൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും ഇന്റർനെറ്റ് സൗകര്യങ്ങളും ഒരുക്കി. 
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് ഇ-ലോഞ്ചുകൾ സജ്ജീകരിച്ചിരിക്കുന്നത്.


റിയാദ്, ജിദ്ദ, ദമാം, മദീന എയർപോർട്ടുകളും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റും സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയും വഴിയാണ് ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം നൽകുന്നത്. 

ഹജ് കാലത്ത് ഹജും ഉംറയും നിർവഹിക്കുന്നതിനു ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ അനുവദിക്കില്ല. എന്നാൽ മറ്റു കാലങ്ങളിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഉംറ നിർവഹിക്കുന്നതിന് തടസ്സമില്ല. വിദേശങ്ങളിൽ നിന്നെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് പർദ നിർബന്ധമാക്കില്ലെന്നും വനിതാ ടൂറിസ്റ്റുകൾ മാന്യമായ വേഷവിധാനങ്ങൾ പാലിക്കൽ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

Latest News