കോഴിക്കോട് - ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്കിയ മൂന്നു വയസ്സുകാരൻ മരിച്ചു. ചേളാരി സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ ഐൻ (മൂന്ന്) ആണ് മൂന്നാം പിറന്നാൾ ദിനമായ ഇന്നലെ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച കളിക്കുന്നതിനിടെ ഐനിന്റെ കണ്ണിൽ കമ്പ് തട്ടി ഇതിന്റെ ചികിത്സയായി ഇന്നലെ കോംട്രസ്റ്റിൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചിരുന്നു. ശസ്ത്രക്രിയക്ക് മുമ്പായി അനസ്‌തേഷ്യ നല്കിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഉടൻ തൊട്ടടുത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. അനസ്‌തേഷ്യ നല്കിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ ബഹളത്തെ തുടർന്ന് ആർ.ഡി.ഒ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കസബ പോലീസ് കേസെടുത്തു.