റിയാദ്- തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള കോളുകളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി. യൂനിവേഴ്‌സിറ്റി അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്നും സർട്ടിഫിക്കറ്റുകളും ഔദ്യോഗിക രേഖകളും സാക്ഷ്യപ്പെടുത്തി നൽകാമെന്നും വാഗ്ദാനം ചെയ്ത് പണമടയ്ക്കുന്നതിന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതരിൽനിന്ന് കോളുകൾ ലഭിച്ചതായി സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും മന്ത്രാലയത്തിന് പരാതികൾ ലഭിച്ചിട്ടുണ്ട്.
പണം കൈക്കലാക്കുന്നതിനും തട്ടിപ്പുകൾക്കും ശ്രമിച്ചുള്ള ഇത്തരം കോളുകളുമായി വിദേശ മന്ത്രാലയത്തിന് ബന്ധമില്ലെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.സൗദ് കാതിബ് പറഞ്ഞു. ഇത്തരം കോളുകളുമായി പ്രതികരിക്കുന്നതിൽ നിന്ന് സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണം.
വിദേശ മന്ത്രാലയത്തിന്റെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ മന്ത്രാലയം നിയമാനുസൃത നടപടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും ഡോ.സൗദ് കാതിബ് പറഞ്ഞു.