റിയാദ്- മുൻ വ്യവസായ, വൈദ്യുതി മന്ത്രി എൻജിനീയർ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽസാമിൽ അന്തരിച്ചു. റിയാദ് കിംഗ് ഖാലിദ് ജുമാമമസ്ജിദിൽ അസർ നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം നിർവഹിച്ച് അർഖ ഖബർസ്ഥാനിൽ മയ്യിത്ത് മറവു ചെയ്തു.
1983 മുതൽ 1995 വരെയാണ് എൻജിനീയർ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽസാമിൽ വൈദ്യുതി, വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1976 മുതൽ 1983 വരെ സൗദി അറേബ്യൻ ബേസിസ് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അൽഇൻമാ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ, സൗദി ഇന്റർനാഷണൽ പെട്രോകെമിക്കൽ കമ്പനി (സിപ്കെം) ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്.
സൗത്ത് കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി 1968 മുതൽ 1976 വരെ സൗദി കൺസൾട്ടിംഗ് ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.






