Sorry, you need to enable JavaScript to visit this website.

കുമ്മന വേദനയും കൊച്ചി രാജാവും

കൊച്ചിയിൽ രാജഭരണം അവസാനിച്ച വിവരം ഇതുവരെ അറിയാത്ത പോലീസുകാരുണ്ടെന്നു തോന്നുന്നു. പണ്ടൊരു ശക്തൻ തമ്പുരാനുണ്ടായിരുന്നു. സൂക്ഷിച്ചു കുനിഞ്ഞു നിന്നില്ലെങ്കിൽ ശത്രുതയുള്ളവന്റെ തലവെട്ടാൻ മടിക്കാത്ത കൊച്ചിരാജാവ്. അക്കാരണത്തിൽ തിരുവിതാംകൂറിൽനിന്നും മുഖം കാണിക്കാനെത്തിയ രാമയ്യൻ ദളവ് തലകുനിക്കാതെ വന്ദിച്ചുവെന്നും, അതല്ല, ഊരിപ്പിടിച്ച വാളോടുകൂടി വന്ദിച്ചുവെന്നും രണ്ടഭിപ്രായമുണ്ട്. ഏതാണു ശരിയെന്നു നിശ്ചയിക്കാൻ നറുക്കിടുകയേ നിർവാഹമുള്ളൂ. കേസ് കാലഹരണപ്പെട്ടതായതിനാൽ വിട്ടുകളയാം. എന്നാൽ ഇന്നത്തെ മുഖ്യമന്ത്രി കഴിഞ്ഞ മാസം 30ന് കൊച്ചിവിമാനത്താവളത്തിൽനിന്നും ആലപ്പുഴയിലേക്കു പോയപ്പോഴും പഴയ രാജപ്രൗഢി അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ടായത്രേ! എല്ലായിനം പോലീസുകാരെയും ചേർത്ത് ഇരുനൂറുപേർ പെരുവഴിയിൽ കാത്തുനിന്നു. ഗതാഗത തടസ്സം നിമിത്തം വഴിയിൽ അകപ്പെട്ടവർ അയ്യായിരമെങ്കിലും ഉണ്ടാകണം. 30 മിനിട്ട് ഗതാഗതം തടഞ്ഞു. പാലാരിവട്ടത്തും വൈറ്റിലയിലും 'പാലം' നിമിത്തം പണ്ടേ സഹികെട്ട ജനം പോലീസുകാരെ തല്ലാൻ പോലും മുതിർന്നുവത്രേ! മൂന്നുമണിക്കൂർ ചായകുടിക്കാതെ വെയിലേറ്റുനിന്ന പോലീസ് പൊതുജനം 'താഡി'ച്ചിരുന്നുവെങ്കിൽ അകാലചരമമടയുമായിരുന്നുവെന്നാണ് ദുക്‌സാക്ഷി റിപ്പോർട്ട്. ആഗസ്റ്റ് 21നും എറണാകുളം സിറ്റിയിൽ ഇതേ എഴുന്നെള്ളത്തും ആചാര സംരക്ഷണവും നടന്നു. മുഖ്യമന്ത്രി ജനതയെ ഇത്രയധികം ഭയപ്പെടുന്നതെന്തിനാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. മുൻകാല ചരിത്രത്തിൽ, 1975, 76ലെ അടിയന്തരാവസ്ഥകാലത്ത് കെ. കരുണാകരൻ ഇത്തരം 'എഴുന്നെള്ളത്തു'കൾ നടത്തിയിട്ടുള്ളതായി കാണുന്നു. അന്ന് അകമ്പടി കാറുകൾ പത്തെങ്കിൽ ഇന്ന് ഇരുപതായി. അന്ന് ലോക്കപ്പിൽകിടന്നു തല്ലുകൊണ്ട് കണങ്കാൽ ഒടിഞ്ഞതിന്റെ വേദനയും മധുരവും കലർന്ന പ്രതികാരമാണോ ഇന്ന് പിണറായി വിജയൻ നടത്തുന്നതെന്ന് മുതിർന്ന ചില പഴഞ്ചൻ സഖാക്കളും ചോദിച്ചുപോയി! അവരുടെ മനസ്സുകളിൽ മറ്റൊരു മുഖ്യമന്ത്രിയുണ്ട്- അലയടിച്ചാർത്തുവരുന്ന എൻ.ജി.ഒ യൂനിയൻ സമരജാഥയുടെ മുന്നിലായി ഒരു പോലീസ് അകമ്പടിയുമില്ലാതെ, കറുത്ത അംബാസഡർ കാറിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വേഗത കുറച്ച് പോകുന്ന സി. അച്യുതമേനോൻ. മറക്കാനെന്തെളുപ്പമാണ്!

 

***        ***        ***

'വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കാത്തത് എന്തുകൊണ്ട്' എന്ന കാര്യം ഒരു വലിയ സമസ്യയാണ് ചിലർക്ക്. ആകപ്പാടെ നോക്കിയാൽ അതിനൊരു ആഗോള പ്രശ്‌നത്തിന്റെ 'ഗെറ്റപ്പുണ്ട്'. ഭീകരവാദം അഥവാ ആ 
തംഗ്‌വാദം, ഡെങ്കിപ്പനി, വയനാട്ടിലെ രാത്രികാല യാത്ര എന്നീ മൈനർ പ്രശ്‌നങ്ങൾ പോലെയല്ല കുമ്മന പ്രശ്‌നം. അദ്ദേഹം മത്സരിക്കാതിരുന്ന സ്ഥിതിക്ക് ഏതു നിമിഷവും ആകാശം ഇടിഞ്ഞു ഭൂമിക്കു മീതെ വീണേക്കാം. ചില മാസ് മീഡിയ പ്രവാചക രോഗികളുടെ നിരീക്ഷണത്തിൽ ഭൂലോകത്തിന് അടുത്ത കൊല്ലം ഡിസംബർ വരെ മാത്രമേ ആയുള്ളൂ. അതിനു മുമ്പായി മാലോകരെല്ലാം മരടിലെ ഫഌറ്റ് നിവാസികളെപ്പോലെ അതിവേഗം എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോണം!
അതിനെക്കാൾ ഭയാനകമാണ് കുമ്മനം നിമിത്തം ആകാശത്തിനു സംഭവിക്കാവുന്ന വൻ തകർച്ച. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ രക്ഷപ്പെട്ടത് വെറും തലനാരിഴയ്ക്കാണ്- 7622 വോട്ടിന്! ഇത്തവണയും മുരളി എം.പിസ്ഥാനമുപേക്ഷിച്ച് പഴയ മാളത്തിലെത്തുമെന്നും കരുതി. ദേഹമാസകലം കുഴമ്പും തലയിൽ അസവവില്വാദി എണ്ണയുംപുരട്ടി കുമ്മനം കുളിച്ചു തയാറെടുത്തിരുന്നതുമാണ്. എന്തു ചെയ്യാം! മുരളിക്ക് പ്രതീക്ഷിക്കാത്തവിധം ബുദ്ധിമുളച്ചു. വടകര എം.പി സ്ഥാനം പാലട പോലെ മധുരമെന്നോതിക്കളഞ്ഞു. ഇനി മത്സരിക്കേണ്ടത് ഒരു പഴയ വക്കീലും മനുഷ്യാവകാശ കമ്മീഷനംഗവുമായ മോഹൻകുമാറിനോടും തിരുവനന്തപുരത്തെ മേയർ പയ്യനോടുമാണ്. അത് ആത്മഹത്യാപരമാണ്. ബി.ജെ.പിയുടെ ഒരു സമുന്നത നേതാവ്; ഒന്നാം നിരയിൽ രാജേട്ടൻ കഴിഞ്ഞാൽ ഏറ്റവും സീനിയോറിറ്റിയുള്ള റിക്കാർഡിനുടമ. രാജേട്ടൻ 15 തവണ തോറ്റു. കുമ്മനം 14 തവണ മാത്രം. ഇനി മത്സരിക്കുന്നത് സൂക്ഷിച്ചുവേണം. യഥാർഥത്തിൽ അദ്ദേഹത്തിന് നിയമസഭയിലോ, ലോക്‌സഭയിലോ വിശിഷ്ടാംഗത്വമാണ് നൽകി ആദരിക്കേണ്ടത്. അതിനു തക്കവണ്ണം നിയമങ്ങൾ പൊളിച്ചെഴുതുന്നതാണ് നല്ലത്. ഇനിയുമൊരങ്കത്തിനു ബാല്യമില്ല. മിസോറം ഗവർണർ സ്ഥാനം രാജിവെച്ചത് ഹിമാലയൻ മണ്ടത്തരം. സംഘപരിവാർ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല. 'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടു പോയ് കൊല്ലിച്ചതും നീയേ ചാപ്പാ' എന്ന് തച്ചോളി ഒതേനന്റെ അന്ത്യത്തിൽ ബന്ധുജനം വിലപിച്ചതു പോലെയായിപ്പോയി.

****                            ****                        ****

മാണി സി. കാപ്പൻ മറ്റൊരു അതികായനായിരുന്ന ചെറിയാൻ സി. കാപ്പന്റെ പുത്രനാണ്. 'ചെറിയാൻ' എന്നു പേരുള്ളവരൊക്കെ ശോഭിച്ചിട്ടുണ്ട്. മനോരമക്ക് സ്ഥാപകകാലത്തേതന്നെ ചെറിയാനുണ്ടായിരുന്നു. എറണാകുളത്ത് ഡി.സി.സി പ്രസിഡന്റായി മറ്റൊരു ചെറിയാൻ. എന്തിനേറെ, ഇന്ന് അധികം ശോഭിക്കാൻ നിവൃത്തിയില്ലാതെ വന്നതു നിമിത്തം ചാനലുകളിൽ ശോഭിക്കുന്നുണ്ട് നമ്മുടെ അവിവാഹിതനായ ചെറിയാൻ ഫിലിപ്പ്. ഒരു ചെറിയാൻ സന്തതിയായ മാണി സി. കാപ്പന് അറിയാത്ത വിദ്യകളില്ല. നടൻ, നിർമാതാവ്, സംവിധായകൻ ഇത്രയും ആയിത്തീരുക മലയാള സിനിമയിൽ ആനക്കാര്യം തന്നെയാണ്. പലരും ഒറ്റപ്പടത്തോടെ തീർഥാടനത്തിനു സ്ഥലം വിടുകയാണ് പതിവ്. മാണിച്ചായാൻ ഒരു ഡസൻ പടങ്ങളെങ്കിലും നിർമിച്ചു വിജയിപ്പിച്ചു. 'അതുകും മേലെ, അവർ ഒരു ആമ്പിളൈ ശിങ്ക'മായിരുന്നു എന്ന കാര്യവും നമുക്കറിയാം. അന്തർദേശീയ വോളിബോൾ താരം. പക്ഷേ, ആശാനും അടവും തെറ്റും എന്നൊരു പഴമൊഴിയുണ്ട്. കഷ്ടകാലം കാലിൽ ചുറ്റിയാൽ വിട്ടുപോരാൻ ഒത്തിരി കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരും. കാപ്പന് കണ്ണൂർ വിമാനത്താവള ഓഹരി സംബന്ധമായ പിടിയാണ് വീണത്. 2013ൽ നടന്നുവെന്നു പറയപ്പെടുന്ന ഓഹരി ധനസഹായ ഇടപാടുകളിൽ കക്ഷികൾ വ്യവസായി ദിനേശ് മേനോനും കോടിയേരി ബാലകൃഷ്ണനും പ്രിയ പുത്രൻ ബിനീഷ് കോടിയേരിയും. ആരോപണ കർത്താവ് രേഖകൾ പുറത്തുവിട്ട ഷിബു ബേബിജോണും വ്യവസായി. മുമ്പു പറഞ്ഞ ഫാദറും മകനും രാഷ്ട്രീയത്തിലെ വ്യവസായികൾ. ആകെ നോക്കിയാൽ വ്യവസായ സാമ്രാജ്യം മൊത്തം കുലുങ്ങിപ്പോകുമെന്നു ശങ്കിക്കാവുന്ന മൂന്നര കോടി രൂപയുടെ കച്ചവടം. പക്ഷേ, മധുവിധു കാലത്ത് ബാഹ്യമായ വെല്ലുവിളികൾ നേരിടേണ്ടി വരുന്നതും കഷ്ടം തന്നെ. കാപ്പൻ പാലായുടെ രണ്ടാം മാണിയായി സത്യപ്രതിജ്ഞ ചെയ്ത് എമ്മെല്ലേ ക്വാർട്ടേഴ്‌സിൽ മുറി കൈക്കലാക്കുംമുമ്പേ ഇത്തരം നൂലാമാലകളിൽ ചെന്നുവീഴാൻ പാടില്ലായിരുന്നു. സദാ ഖദർ ധാരിയായതുകൊണ്ട് രക്ഷപ്പെട്ടുപോരാനുള്ള അഭ്യാസങ്ങൾ സ്വായത്തമാക്കിയിട്ടുണ്ടാവും എന്നു കരുതി ആശ്വാസിക്കാം.

****                         ****                        **** 


ഷാനിമോൾ ഉസ്മാനെ ഒന്നു ജയിച്ചുകയറാൻ സഹായിക്കില്ലെന്ന വാശിയാണ് മന്ത്രി സുധാകരൻജിക്ക്. സാധാരണയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പിന്നെ മത്സരം നടക്കുന്നിടത്തുകൂടി ഒരീച്ച പോലും പറക്കില്ല. അരൂരിൽ ആ നിയമം ലംഘിച്ച് റോഡിന്റെ പണി നടക്കുന്നു. ഷാനിമോൾക്കതു സഹിച്ചില്ല.
കൃത്യനിർവഹണം തടസ്സപ്പെടുത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ധാരാളം വകുപ്പുകളുള്ളതിൽ, 353-ാം വകുപ്പിനെ തെരഞ്ഞുപിടിച്ച് പോലീസ് സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഷാനിമോൾ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി! ജാമ്യമോ? വേണ്ടേ വേണ്ട! ജയിലിൽ കിടന്നു തെരഞ്ഞെടുപ്പിനെ നേരിടും. ജയിക്കും. പണ്ടു കമ്യൂണിസ്റ്റുകാർ പലരും അങ്ങനെ കരകയറിയിട്ടുണ്ട്. എന്നാൽ കൂർമബുദ്ധിയായ വകുപ്പു മന്ത്രി സുധാകരനുണ്ടോ വിടുന്നു? ഒരു സ്ഥാനാർഥിക്കെതിരെ ഇങ്ങനെയൊരു കേസിന്റെ ആവശ്യമില്ലെന്നായി സഖാവ്. 'മല പോലെ വന്നതു മലർ പോലെ പോയി' എന്നോ, ഇന്നത്തെ കെ.എസ്.ആർ.ടിയെ ഓർമിച്ചുകൊണ്ട് ടയറിന്റെ കാറ്റു പോലെ 'ശൂ'…എന്നോ പറഞ്ഞതുപോലെ സംഭവം ചീറ്റിപ്പോയി!

Latest News