എച്ച്.എസ്.ബി.സി പതിനായിരം തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്നു

ലണ്ടന്‍- പ്രമുഖ രാജ്യാന്തര ബാങ്കിങ് കമ്പനിയായ എച്ച്.എസ്.ബി.സി ഹോള്‍ഡിങ്‌സ് ചെലവു ചുരുക്കലിന്റെ ഭാഗമായി പതിനായിരം തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇടക്കാല സിഇഒ നോയല്‍ ക്വിന്‍ ചെലവ് ചുരുക്കല്‍ നയങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഉയര്‍ന്ന ശമ്പളം നല്‍കുന്ന പദവിയില്‍ ഇരിക്കുന്നവരുടെ ജോലിയാകും ആദ്യം തെറിക്കുക എന്നും സൂചനയുണ്ട്. ഈ മാസം അവസാനത്തോടെ മൂന്നാം പാദ റിപോര്‍ട്ടുകള്‍ വരാനിരിക്കുകയാണ്. ഇതോടൊപ്പം ചെലവ് ചുരുക്കല്‍, ജോലിക്കാരെ പിരിച്ചുവിടല്‍ പ്രഖ്യാപനവും ഉണ്ടായേക്കാമെന്നാണ് റിപോര്‍ട്ട്. ഈ വര്‍ഷം നാലായിരം ജോലിക്കാരെ പിരിച്ചുവിടുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വെല്ലുവളികള്‍ നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ബാങ്കിന്റെ തലപ്പത്ത് മാറ്റം ആവശ്യമാണെന്ന് പ്രഖ്യാപിച്ചാണ് മുന്‍ സിഇഒ ജോണ്‍ ഫ്‌ളിന്റ് പദവി ഒഴിഞ്ഞത്. ശേഷം ഓഗസ്റ്റിലാണ് ക്വിന്‍ ഇടക്കാല സിഇഒ ആയി ചുമതലയേറ്റത്. ചെലവ് ചുരുക്കല്‍ നടപടികള്‍ സംബന്ധിച്ച് ചെയര്‍മാന്‍ മാര്‍ക്ക് ടക്കറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഫ്‌ളിന്റ് രാജിവച്ചതെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.
 

Latest News