മുംബൈ- മെട്രോ കോച്ച് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി മുംബൈ ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരങ്ങൾ മുറിക്കാൻ പാടില്ലെന്നും മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരെ മുഴുവൻ വിട്ടയക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 21 ലേക്ക് വാദം കേൾക്കാൻ മാറ്റി വെച്ചു.
ജസ്റ്റിസ് അരുൺ മിശ്ര,ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരുടെ സ്‌പെഷൽ ബെഞ്ചാണ് മരം മുറിക്കുന്നതിനെതിരായി നിയമ വിദ്യാർഥിനി നൽകിയ ഹരജി പരിഗണിച്ചത്.
മെട്രോ കോച്ച് നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹരജി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് മുംബൈ കോർപ്പറേഷൻ അധികൃതർ ആരെ വനത്തിൽ മരം മുറിക്കാൻ തുടങ്ങിയത്. ശനിയാഴ്ച വരെ 200 ഓളം മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു.






