കാത്സ്യം കുത്തിവെച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ഉവൈസി

കട്ടക്ക്- കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞുവെന്നും കാല്‍സ്യം കുത്തിവെപ്പ് നടത്തിയാലും ഇനി അതിനെ പുനരുജ്ജീവിപ്പിക്കുക സാധ്യമല്ലെന്നും എഐഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സുപ്രധാന തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം അവഗണിച്ചുവെന്ന് ഉവൈസി പറഞ്ഞു.

മതപരിവര്‍ത്തനത്തിന് ഒരു മാസത്തെ നോട്ടീസ് നിര്‍ബന്ധമാക്കി ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ബില്‍ പാസാക്കിയതായി ഹൈദരാബാദ് എം.പി കൂടിയായ ഉവൈസി  പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തരമൊരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാല്‍ അതിശയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.ഐ.എം.എം) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ വഞ്ചിത് ബാഹുജന്‍ അഗാദിയെന്ന പേരില്‍ പ്രകാശ് അംബേദ്കറുടെ ഭാരിപ ബഹുജന്‍ മഹാസംഘുമായി (ബി.ബി.എം) സഖ്യമുണ്ടാക്കിയാണ് മത്സരിച്ചിരുന്നത്.  സഖ്യം ഔറംഗബാദ് ലോക്‌സഭാ സീറ്റ് നേടുകയും ചെയ്തിരുന്നു.
ദളിത്, മുസ്്‌ലിം വോട്ടുകള്‍ വിഭജിച്ചു പോയത് മഹാരാഷ്ട്രയിലെ നിരവധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തെ ബാധിച്ചിരുന്നു.  

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടി. ആസന്നമായ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി ഉവൈസി ബിബിഎം നേതാവ് പ്രകാശ് അംബേദ്കറുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ ബിബിഎം തയാറായിട്ടില്ല.

 

Latest News