കാസർകോട് - അതിർത്തി മണ്ഡലമായ മഞ്ചേശ്വരം പിടിക്കാനും നിലനിർത്താനും മുന്നണികൾ കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിച്ചു. സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുകയും, പ്രധാന നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുകയും ചെയ്തതോടെ വീറും വാശിയും ഏറിയിട്ടുണ്ട്. നവമി, വിജയദശമി പൂജകൾ കഴിയുന്നതോടെ പ്രചാരണ ചൂട് പാരമ്യത്തിലെത്തും. വികസനവും ആചാരവും അനുഷ്ഠാനവും വിശ്വാസവുമൊക്കെയാണ് മഞ്ചേശ്വരത്തെ തീപാറുന്ന പോരാട്ടത്തിൽ വിഷയങ്ങളാകുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീനും, എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറും, ഇടതു മുന്നണി സ്ഥാനാർത്ഥി സി.പി.എം ജില്ലാ കമ്മിറ്റി അംഗം ശങ്കർ റൈയും പ്രചാരണത്തിൽ സജീവം. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഉറപ്പിച്ചു മണ്ഡലം പിടിക്കുകയെന്നതാണ് മൂന്ന് മുന്നണികളും പയറ്റുന്ന തന്ത്രം.
കമ്യൂണിസ്റ്റ് പാർട്ടികളും യു.ഡി.എഫും മാറിമാറി വിജയിച്ചിട്ടുള്ള മഞ്ചേശ്വരം കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. ഇത്തവണ അതൊഴിവാക്കാനുള്ള പോരാട്ടത്തിലാണവർ. സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്ന് യു.ഡി.എഫിലും എൻ.ഡി.എയിലും ഉരുണ്ടുകൂടിയിരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ മഞ്ഞുരുക്കാൻ പാർട്ടി നേതാക്കളുടെ ഇടപെടൽ കൊണ്ടായെങ്കിലും അതിന്റെ ആലസ്യം പ്രചാരണത്തിൽ കാണാനുണ്ട്. ഇതിനിടയിൽ ബഹുദൂരം മുന്നോട്ടുപോകാൻ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് സാധിച്ചു.
വൈവിധ്യങ്ങളുടെ മണ്ഡലമായ മഞ്ചേശ്വരം ആരുടെയും ഉരുക്കുകോട്ടയൊന്നുമല്ല. ഭാഷ ന്യൂനപക്ഷ വോട്ടുകൾ ആദ്യകാലങ്ങളിൽ വിജയങ്ങളെ സ്വാധീനിച്ചിരുന്നെങ്കിലും അടുത്ത കാലത്തെ തെരഞ്ഞെടുപ്പുകളിലൊന്നും അത് പ്രതിഫലിച്ചിട്ടില്ല. ഈ വിഭാഗം പല മുന്നണികൾക്കും പിന്തുണ നൽകുന്നതാണ് സമീപകാല അനുഭവം.
എന്നാൽ മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷം തന്നെയാണ് ബി.ജെ.പി വോട്ട് ബാങ്ക്. ഐക്യകേരള രൂപീകരണത്തിന് ശേഷം നടന്ന ആദ്യത്തെ നാല് തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രരായി മത്സരിച്ച കന്നഡ സമിതി സ്ഥാനാർത്ഥികളെ നിയമസഭയിൽ എത്തിച്ച മണ്ഡലം 1970 ലെ തെരെഞ്ഞെടുപ്പ് മുതലാണ് രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളെ തുണച്ചു തുടങ്ങിയത്. എം. ഉമേഷ് റാവുവും കല്ലിഗേ മഹാബല ഭണ്ഡാരി രണ്ടു തവണയും കേരള നിയമസഭ കണ്ടത് കന്നഡ ഭാഷ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയായിരുന്നു. 1970 ലാണ് സി.പി.ഐയുടെ എം. രാമപ്പ മാസ്റ്റർ മണ്ഡലം സ്വന്തമാക്കിയത്. കന്നഡ സമിതിയുടെ പിന്തുണയോടെ മത്സരിച്ച യു.പി. കുനിക്കുല്ലായയെ 1195 വോട്ടിന് മറികടന്നാണ് മണ്ഡലം രാമപ്പ മാസ്റ്റർ പിടിച്ചത്.
77 ൽ ബി.എൽ.ഡി സ്ഥാനാർഥി എച്ച്. ശങ്കര ആൽവയെ 4600 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ച് മണ്ഡലം രാമപ്പ മാസ്റ്റർ നിലനിർത്തി. തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും ഡോ. എ. സുബ്ബറാവുവിലൂടെ സി.പി.ഐ മഞ്ചേശ്വരത്ത് വെന്നിക്കൊടി പാറിച്ചു. 1980 ൽ ലീഗിന്റെ കന്നിക്കാരനായെത്തി കനത്ത ഭീഷണി ഉയർത്തിയ ചെർക്കളം അബ്ദുല്ലയെ കഷ്ടിച്ച് 156 വോട്ടിനാണ് സുബ്ബറാവു തോൽപ്പിച്ചത്.
1987 മുതൽ നാല് തവണ മണ്ഡലം ചെർക്കളം അബ്ദുല്ലയുടെ കുത്തകയായിരുന്നു. 2006ൽ ചെർക്കളം അബ്ദുല്ലയെ 4829 വോട്ടിന് അട്ടിമറിച്ച് സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു നിയമസഭയിലെത്തി.
കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ വെറും 89 വോട്ടിനാണ് ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ ലീഗിലെ പി.ബി. അബ്ദുൽ റസാഖിനോട് പരാജയപ്പെട്ടത്. അതാണ് നിയമപോരാട്ടത്തിന് വഴിവെച്ചത്. 2011 ലും 2016 ലും മഞ്ചേശ്വരത്ത വിജയിച്ചത് പി.ബി. അബ്ദുൽ റസാഖ് ആയിരുന്നു.
ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 11000 വോട്ടിന്റെ ഭൂരിപക്ഷം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മഞ്ചേശ്വരത്ത് നേടിയിരുന്നു. കേവലം മാസങ്ങൾക്ക് ശേഷം വന്നെത്തിയ ഉപതെരഞ്ഞെടുപ്പിൽ 'ടൈറ്റ് ഫൈറ്റാണ്' മഞ്ചേശ്വരത്തെ തുളുനാടൻ മണ്ണിൽ നടക്കുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
പി.ബി. അബ്ദുൽ റസാഖ് (യു.ഡി.എഫ്) 56870
കെ. സുരേന്ദ്രൻ (ബി.ജെ.പി) 56781
സി.എച്ച്. കുഞ്ഞമ്പു (എൽ.ഡി.എഫ്) 42565