ഭരണഘടനയെ സംഘ്പരിവാർ അസ്ഥികൂടമാക്കി  -ഡോ. എസ്.ക്യു.ആർ ഇല്യാസ്

വെൽഫെയർ പാർട്ടി ജനകീയ കൺവെൻഷൻ ദേശീയ പ്രസിഡണ്ട്  എസ്.ക്യു.ആർ. ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു. 

കൊച്ചി - ഇന്ത്യൻ ഭരണഘടനയെ സംഘ്പരിവാർ മജ്ജയും മാംസവും നീക്കി അസ്ഥികൂടമാക്കിയെന്ന് വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ്. സംഘ് രാഷ്ട്ര നിർമിതിക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി നടത്തിയ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാല് തൂണുകളേയും മോഡി സർക്കാർ ആർ.എസ്.എസിന്റെ അധീനതയിലാക്കി. ഒരു ഭാഷയും ഒരു സംസ്‌കാരവും മാത്രമേ രാജ്യത്ത് പാടുള്ളൂവെന്ന സംഘ്പരിവാർ നയം ഭരണഘടനാ വിരുദ്ധമാണ്. കശ്മീരിൽ 370 ആം വകുപ്പ് റദ്ദാക്കാൻ മുഴുവൻ ജനപ്രതിനിധികളേയും നേതാക്കളേയും തടങ്കലിലാക്കിയത് നീതീകരിക്കാനാവില്ല. ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ഉന്നംവെക്കുന്നത് മുസ്‌ലിംകളെയാണെന്ന് അമിത്ഷായുടെ പ്രസ്താവനയിലൂടെ വ്യക്തമാണ്. ഗാന്ധിജിയെ കൊല ചെയ്തവർ രാജ്യം ഭരിക്കുകയും ഭരണഘടനയെ നിഷേധിക്കുകയും ചെയ്യുമ്പോൾ സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ഭരണകൂടം ഫാസിസത്തിന്റെ മേലങ്കിയണിഞ്ഞ് രാഷ്ട്രത്തിന്റെ മതേതര ആശയങ്ങളേയും ജനാധിപത്യ മൂല്യങ്ങളേയും റദ്ദ് ചെയ്യുമ്പോൾ അതിനെതിരെ പോരാടുന്നതാണ് രാജ്യസ്‌നേഹമെന്ന് അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. എന്നാൽ അത്തരം നീക്കങ്ങളെ തന്റേടത്തോടെ നേരിടാനാണ് ഞങ്ങൾ എഴുന്നേറ്റ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
മതേതരത്വത്തെ വെല്ലുവിളിച്ചുകൊണ്ട് വർഗീയ-വംശീയ മുദ്രാവാക്യങ്ങൾ വിളിച്ച് കുറുവടിയും ത്രിശൂലങ്ങളുമായി കവാത്ത് നടത്തുന്ന ആർ.എസ്.എസിനെ നിരോധിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സൗത്ത് ഏഷ്യൻ ഹ്യൂമൻ റൈറ്റ്‌സ് ഡോക്യുമെന്റേഷൻ സെന്റർ ഡയറക്ടർ രവി നായർ പറഞ്ഞു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള എൻ.ജി.ഒകൾക്ക് ഫണ്ട് നൽകുന്നത് സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകളിൽ ആർ.എസ്.എസ് സഹകാരികളെ നിയമിക്കുന്നത് അവസാനിപ്പിക്കണം. ഭയപ്പെടുത്തി കൂടെ നിർത്താനുള്ള സംഘ്പരിവാർ തന്ത്രത്തെ ചെറുത്തു തോൽപിക്കണം. സംഘ്പരിവാറിനെതിരെ ശബ്ദിക്കുന്നവരെക്കൊണ്ട് രാജ്യത്തെ ജയിലുകൾ നിറക്കണം -അദ്ദേഹം പറഞ്ഞു. 
ഹൈദരാബാദ് ഇഫഌ സർവകലാശാല പ്രൊഫസർ ഡോ. ടി.ടി. ശ്രീകുമാർ, എഴുത്തുകാരൻ പി. സുരേന്ദ്രൻ, വി.ഡി. സതീശൻ എം.എൽ.എ, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ, കെ.കെ. ബാബുരാജ്, സി.കെ. അബ്ദുൽ അസീസ്, വി.എം. അലിയാർ, റസാഖ് പാലേരി, ഷംസീർ ഇബ്രാഹിം, ജബീന ഇർഷാദ് എന്നിവർ സംസാരിച്ചു. 
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് സ്വാഗതവും ജ്യോതിവാസ് പറവൂർ നന്ദിയും പറഞ്ഞു. 

 

 

Latest News