റിയാദ്- സഹോദര രാജ്യമായ സുഡാനിൽ സുസ്ഥിരതയും അഭിവൃദ്ധിയുമാണ് സൗദി അറേബ്യ അഭിലഷിക്കുന്നതെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ സുഡാൻ പരമാധികാര സമിതി അധ്യക്ഷൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ, പ്രധാനമന്ത്രി ഡോ.അബ്ദുല്ല ഹംദൂക് എന്നിവരെ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തുകയായിരുന്നു രാജാവ്. ഇരുവരും ഒന്നിച്ച് ഇതാദ്യമായാണ് വിദേശ പര്യടനം നടത്തുന്നത്.
അമേരിക്ക തയാറാക്കിയ ഭീകരതക്ക് പ്രോത്സാഹനം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സുഡാന്റെ പേര് നീക്കം ചെയ്യാൻ പരിശ്രമിക്കുമെന്ന് നേരത്തെ സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ, സുഡാന്റെ അഭിവൃദ്ധിക്കായി പുതിയ നിക്ഷേപക സംരംഭങ്ങൾ ആരംഭിക്കുമെന്നും നിലവിലുള്ള പദ്ധതികൾ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്നും ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയുടെ സുരക്ഷിതത്വവും സുസ്ഥിരതയും സുഡാന് പരമപ്രധാനമാണെന്ന് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ രാജാവിനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിനെ കുറിച്ച് ചർച്ചയിൽ വിഷയീഭവിച്ചു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ഡോ.മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, കാബിനറ്റംഗവും സഹമന്ത്രിയുമായ ഡോ.മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, വിദേശകാര്യ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രി അഹ്മദ് ബിൻ അബ്ദുൽ അസീസ് ഖത്താൻ, സുഡാനിലെ സൗദി അംബാസഡർ അലി ബിൻ ഹസൻ ജഅ്ഫർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സുഡാൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ.അസ്മാ മുഹമ്മദ്, ധനകാര്യ മന്ത്രി ഡോ.ഇബ്രാഹിം അൽബദവി, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി മദനി അബ്ബാസ്, ജനറൽ ഇന്റലിജൻസ് സർവീസ് മേധാവി ജനറൽ അബൂബക്കർ ഹസൻ, പ്രസിഡൻസി റിപ്പബ്ലിക് സെക്രട്ടറി ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അലി, സൗദിയിലെ സുഡാൻ അംബാസഡർ അബ്ദുൽ അസീം അൽ കാറൂറി എന്നിവരും സംബന്ധിച്ചു.