- തായിഫിൽ കാമ്പയിൻ
തായിഫ്- പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില നിലവാരം ഉപയോക്താവിന് മനസ്സിലാകുന്ന രീതിയിൽ പ്രദർശിപ്പിക്കാൻ സ്ഥാപനങ്ങളെ നിഷ്‌കർഷിക്കാൻ ഒരുങ്ങി തായിഫ് നഗരസഭ. മേഖലയിലെ മുഴുവൻ പെട്രോൾ സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച് ബോധവൽക്കരിക്കാൻ നഗരസഭക്ക് കീഴിലെ 11 ബലദിയ ഓഫീസുകൾ വഴി പ്രത്യേകം കാമ്പയിൻ തുടങ്ങും.
ആഗോള മാർക്കറ്റ് വിലയിലെ മാറ്റത്തിന് അനുസൃതമായി ഊർജ, വ്യവസായ, ധാതുനിക്ഷേപ മന്ത്രാലയം പെട്രോൾ ഉൽപന്നങ്ങളുടെ വിലനിലവാരത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് അറിയുന്നതിനും ബോർഡുകൾ ഉപയോക്താവിനെ സഹായിക്കും.
നഗരവികസന, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പടിഞ്ഞാറൻ തായിഫ് ബലദിയ അധികൃതർ, തങ്ങളുടെ പരിധിയിലെ മുഴുവൻ പെട്രോൾ സ്റ്റേഷനുകളിലും സന്ദർശനം നടത്തി പ്രവേശന കവാടത്തിൽ എണ്ണ വില പ്രദർശിപ്പിക്കുന്ന മോണിറ്റർ സ്ഥാപിക്കാൻ നിർദേശം നൽകി.
നഗരത്തിന് അകത്തും പുറത്തുമുള്ള മുഴുവൻ പെട്രോൾ സ്റ്റേഷനുകളിലും വിലവിവരം പ്രദർശിപ്പിക്കുന്ന മോണിറ്ററുകൾ സ്ഥാപിക്കാൻ നിഷ്‌കർഷിക്കുമെന്ന് തായിഫ് നഗരസഭ വ്യക്തമാക്കി. ഇതിനായി 11 ബലദിയ മുഖേനയും ബലദിയ സേവനങ്ങൾ ലഭ്യമാക്കുന്ന ഓഫീസുകൾ വഴിയും ബോധവൽക്കരണം ശക്തമാക്കുമെന്നും നഗരസഭ കൂട്ടിച്ചേർത്തു.






