ജിദ്ദ - വിശുദ്ധ ഹജിന്റെ ഭാഗമായ ജംറയിലെ കല്ലേറ് കർമത്തിനുള്ള ചെറുകല്ലുകൾ സഞ്ചികളിലാക്കി വിൽക്കുന്നവർക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. ആഭ്യന്തര ഹജ് സർവീസ് സ്ഥാപനങ്ങൾക്കും വിദേശ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കും കീഴിലെ തീർഥാടകർക്ക് ആവശ്യമായ ചെറുകല്ലുകൾ ഒന്നിച്ച് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ട് ചിലർ ഇതിനകം പരസ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കല്ലേറ് കർമത്തിനുള്ള കല്ലുകൾ വിൽപന നടത്തുന്നതിന് ഒരു സ്ഥാപനത്തിനും ഏജൻസിക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഹജ് തീർഥാടകർക്ക് ആവശ്യമായ കല്ലുകൾ വിൽപന നടത്തുന്നത് നിയമ ലംഘനമാണ്.
ലൈസൻസുള്ള സ്ഥാപനത്തിനു കീഴിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് കല്ല് വിൽപനയെ കുറിച്ച് പരസ്യം ചെയ്ത അബൂയൂസുഫ് പറഞ്ഞു.
കല്ലേറ് കർമം നിർവഹിക്കുന്നതിന് ആവശ്യമായ ചെറുകല്ലുകൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി സഞ്ചികളിൽ നിറച്ചാണ് വിതരണം ചെയ്യുന്നത്. ഓരോ സഞ്ചിയിലും ദുൽഹജ്, 10, 11, 12, 13 ദിവസങ്ങളിൽ കല്ലേറ് കർമം നിർവഹിക്കുന്നതിന് ആവശ്യമായ 70 ചെറുകല്ലുകളാണ് നിറക്കുന്നത്. നഷ്ടപ്പെടുന്ന കല്ലുകൾക്കു പകരം ഉപയോഗിക്കുന്നതിന് ഓരോ സഞ്ചിയിലും രണ്ടു കല്ലുകൾ വീതം അധികം നിറക്കും.
കല്ലുകൾ നിറച്ച സഞ്ചികൾക്ക് ഹജ് സർവീസ് സ്ഥാപനങ്ങളിൽ നിന്ന് വലിയ ആവശ്യമുണ്ട്. 800 സഞ്ചികൾ വാങ്ങുന്ന സർവീസ് സ്ഥാപനങ്ങൾക്ക് സഞ്ചികളിലൊന്ന് മൂന്നു റിയാൽ നിരക്കിലാണ് നൽകുക. ഇതിൽ കൂടുതൽ വാങ്ങുന്ന സ്ഥാപനങ്ങൾക്ക് രണ്ടു റിയാൽ നിരക്കിൽ നൽകും. മുസ്ദലിഫയിൽ നിന്നും മിനായിൽ നിന്നുമാണ് കല്ലുകൾ ശേഖരിക്കുന്നത്. വീണുപോകാതിരിക്കുന്നതിന് സഞ്ചികൾ കെട്ടിയാണ് വിതരണം ചെയ്യുന്നതെന്നും അബൂയൂസുഫ് പറഞ്ഞു.
കല്ലുകളുടെ വിൽപന നിയമ ലംഘനമാണെന്നും തങ്ങളുടെ സർവീസ് സ്ഥാപനം കല്ലുകൾ നിറച്ച സഞ്ചികൾ വാങ്ങാറില്ലെന്നും ആഭ്യന്തര ഹജ് സർവീസ് സ്ഥാപനം നടത്തുന്ന ഇബ്രാ ഹിം അൽമസൈനി പറഞ്ഞു. തങ്ങളുടെ സ്ഥാപനത്തിനു കീഴിൽ ഹജ് നിർവഹിക്കുന്നവർക്ക് ആവശ്യമായ ചെറുകല്ലുകൾ തങ്ങൾ തന്നെയാണ് ലഭ്യമാക്കുന്നത്. കമ്പനിക്കു കീഴിലെ തൊഴിലാളികൾ മുസ്ദലിഫയിൽ നിന്നാണ് കല്ലുകൾ ശേഖരിക്കുന്നത്. ഇവ തീർഥാടകരുടെ തമ്പുകളിൽ കൂട്ടിയിടും. അവിടെ നിന്ന് തീർഥാടകരാണ് തങ്ങൾക്ക് ആവശ്യമായ കല്ലുകൾ പെറുക്കി കൈവശം വെക്കുന്നതെന്നും ഇബ്രാഹിം അൽമസൈനി പറഞ്ഞു.






