ബാങ്കോക്ക് യാത്രക്കുശേഷം രാഹുല്‍ പ്രചാരണത്തിന് ഇറങ്ങും; വിശദീകരണവുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയെന്ന വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഈ മാസം 11-ന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കുമെന്നും മഹാരാഷ്ട്രയിലും അദ്ദേഹം പ്രചാരണം നടത്തുമെന്നും പാര്‍ട്ടി അറിയിച്ചു.
ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന്  രാഹുലിന്റെ യാത്രയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ട്വീറ്റ് ചെയ്തു.
ഈ മാസം 21 നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ്.  രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്ന അശോക് തന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഹുല്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായി തന്‍വര്‍ ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ  ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരെ അവഗണിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹവും ഉന്നയിച്ചത്. ശനിയാഴ്ച രാത്രി വിസ്താര വിമാനത്തിലാണ് രാഹുല്‍ഗാന്ധി ബാങ്കോക്കിലേക്ക് പോയത്.

 

 

Latest News