കൊല്ലം- വർക്കല പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽവെച്ച് മർദ്ദനമേറ്റതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് സൂചന. കുട്ടിയുടെ അമ്മ ചെങ്ങന്നൂർ സ്വദേശി രമ്യയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകൾ ദിയയാണ് മരിച്ചത്. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് കുഞ്ഞിനെ അടിച്ചെന്ന് രമ്യ പറഞ്ഞതായി ദീപുവിന്റെ സഹോദരി വ്യക്തമാക്കി. ഇന്ന് രാവിലെ ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് വടി ഉപയോഗിച്ച് കുഞ്ഞിനെ അടിച്ചതായി രമ്യ പറഞ്ഞു. അതേസമയം രണ്ടു ദിവസം മുമ്പുള്ള പാടാണ് കുഞ്ഞിന്റെ ദേഹത്തുള്ളത്. കുഞ്ഞിന് നേരത്തെ തന്നെ പനിയുണ്ടായിരുന്നു. രാവിലെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് കുട്ടി രക്തം ഛർദ്ദിച്ചു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴി പൾസ് താണതിനെ തുടർന്ന് കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു വർഷമായി കൊല്ലം ചാത്തന്നൂരിലെ ചിറക്കരയിലാണ് കുടുംബം താമസിക്കുന്നത്. നഴ്‌സാണ് രമ്യ.