Sorry, you need to enable JavaScript to visit this website.

യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ജവാന്മാരുടെ ആശ്രിതര്‍ക്കുള്ള സഹായം എട്ട് ലക്ഷമാക്കി

ന്യൂദല്‍ഹി- യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നാലിരിട്ടി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
 യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ജവാന്‍മാരുടെ ആശ്രിതകര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. ഇപ്പോള്‍ എട്ടു ലക്ഷം രൂപയായി ഇതു വര്‍ധിപ്പിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെടുകയോ 60 ശതമാനത്തിലേറെ അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്ന ജവാന്‍മാരുടെ അടുത്ത ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കി വരുന്നത്.
കുടുംബ പെന്‍ഷന്‍, ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ധനസഹായം, ആര്‍മി വെല്‍ഫയര്‍ ഫണ്ട് എന്നിവയില്‍ നിന്നുള്ള സഹായത്തിന് പുറമേയാണ് ഈ ധനസഹായം. ധനസഹായം നാലിരിട്ടിയാക്കാനുള്ള തീരുമാനത്തിന് പ്രതിരോധ മന്ത്രി അംഗീകാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ആര്‍മി ബാറ്റില്‍ കാഷ്വാലിറ്റീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് ഈ ധനസഹായം നല്‍കി വരുന്നത്. വിമുക്ത ഭടന്‍മാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള വകുപ്പിന്റെ കീഴിലാണ് ആര്‍മി ബാറ്റില്‍ വെല്‍ഫയര്‍ ഫണ്ട്. സിയാച്ചിനിലെ മഞ്ഞു മലയില്‍ പത്തു സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇത് രൂപീകരിച്ചത്. ദീര്‍ഘകാലമായി സേനയുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ആവശ്യത്തിനാണ് പ്രതിരോധ മന്ത്രി ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

 

Latest News