Sorry, you need to enable JavaScript to visit this website.

മോഡിയെ വിമര്‍ശിച്ച കത്തിനെതിരെ പരാതി നല്‍കിയ ഓജ ആരാണ് ?

ന്യൂദല്‍ഹി- സിനിമ താരങ്ങള്‍ക്കും പ്രശസ്തര്‍ക്കുമെതിരേ നിരന്തരം പരാതികളുമായി കോടതി കയറിയിറങ്ങുന്ന അഭിഭാഷകനാണ് സുധീര്‍കുമാര്‍ ഓജ. അഭിഭാഷക ജീവിതം ആരംഭിച്ചതിന് ശേഷം 745 ഹരജികള്‍ ഇയാള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 130 എണ്ണം കാര്യമില്ലാത്തതെന്നു കണ്ട് കോടതി തള്ളുകയായിരുന്നു.
സുധീര്‍ കുമാറിന്റെ പരാതിയില്‍ പെട്ടു പോയവരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, മൂത്രമൊഴിക്കാന്‍ മുട്ടിയപ്പോള്‍ ഹെലികോപ്ടര്‍ നിലത്തിറക്കിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വരെയുണ്ട്.
49 പ്രശസ്തര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നും അവര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താന്‍ ശ്രമിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും സുധീര്‍ കുമാര്‍ പറയുന്നു. ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിന്റെ മറവില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ കളങ്കപ്പെടുത്തുന്നത് ശരിയല്ലെന്നും ഇയാള്‍ വാദിക്കുന്നു.
ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കെതിരെ പരാതികളുമായി ഈ അഭിഭാഷകന്‍ മുമ്പ് കോടതി കയറിയിട്ടുണ്ട്. പ്രകോപനപരമായ ചുംബന രംഗങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി 2007 ല്‍ ധൂം രണ്ട് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരേ ഇയാള്‍ പരാതി നല്‍കിയിരുന്നു. അതേ വര്‍ഷം തന്നെ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വേണ്ടി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഹെലികോപര്‍ ദേശീയ പാതയില്‍ ലാന്‍ഡ് ചെയ്തതിനെതിരേ പരാതിയുമായി കോടതിയിലെത്തി. കീഴ്‌ക്കോടതി തള്ളിയ ഈ കേസുമായി ഇപ്പോള്‍ പട്‌ന ഹൈക്കോടതിയിലെത്തിയിരിക്കുകയാണ് സുധീര്‍ കുമാര്‍. താന്‍ പരാതി നല്‍കിയതിന് ശേഷം ഇതുവരെ ഇന്ത്യയില്‍ ഒരു നേതാവ് പോലും ദേശീയ പാതയില്‍ ഹെലികോപ്റ്റര്‍ ഇറക്കിയിട്ടില്ലെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
ഉത്തരേന്ത്യയില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഛാട്ട് പൂജ നാടകമാണെന്ന് പരിഹസിച്ചു എന്നാരോപിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറേക്ക് എതിരേ സുധീര്‍ കുമാര്‍ പരാതി നല്‍കി. രാജ് താക്കറേ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം എടുത്തെങ്കിലും കേസ് ഇപ്പോഴും ദല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്നുണ്ടെന്ന് സുധീര്‍ കുമാര്‍ പറയുന്നു. ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയില്‍ കടലിലുള്ള രാമസേതു മനുഷ്യ നിര്‍മിതിയല്ലെന്നു പ്രകൃത്യ ഉണ്ടായതാണെന്നും പറഞ്ഞതിനാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കുമെതിരേ പരാതി നല്‍കിയത്. എന്നാല്‍, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആയിരിക്കുന്നവര്‍ക്കെതിരേ പരാതി നല്‍കാന്‍ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അനുമതി വാങ്ങാത്തതിനാല്‍ ഈ കേസ് തള്ളിയെന്നും സുധീര്‍ കുമാര്‍ പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമായ മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ മോഡല്‍ ആയി അഭിനയിച്ചതിനാണ് സുധീര്‍ കുമാര്‍ അമിതാഭ് ബച്ചനെതിരേ കേസ് നല്‍കിയത്. ഇതും കോടതി തള്ളി. ജനങ്ങള്‍ക്ക് ആശ്വാസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ നീതന്യായ വ്യവസ്ഥയെ ഫലപ്രദമായി വിനിയോഗിക്കുകയാണെന്നാണ് പരാതികളുമായി നിരന്തരം കോടതി കയറിയിറങ്ങുന്നതിനെക്കുറിച്ച് സുധീര്‍ കുമാര്‍ ഓജ പറയുന്നത്.

 

 

Latest News