രൂക്ഷമായ തൊഴിലില്ലായ്മക്കെതിരെ ഇറാഖില്‍ പ്രക്ഷോഭം ശക്തം; 93 മരണം

ബഗ്ദാദ്- വ്യാപക അഴിമതിയിലും രൂക്ഷമായ തൊഴിലില്ലായ്മയിലും മോശം സര്‍ക്കാര്‍ സേവനങ്ങളിലും പ്രതിഷേധിച്ച് ഇറാഖില്‍ ബഹുജന പ്രക്ഷോഭം ശക്തം. ബഗ്ദാദിലും തെക്കന്‍ ഇറാഖിലെ വിവിധ നഗരങ്ങളിലും പടര്‍ന്നു പിടിച്ച പ്രതിഷേധ സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചതായി പാര്‍ലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയിലും മറ്റുമായി ഇതുവരെ 93 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. നാലായിരത്തിലേറെ പേര്‍ക്ക് പരിക്കുമുണ്ട്. പ്രതിഷേധം തടയാന്‍ അധികൃതര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ബഗ്ദാദില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതെന്നും കമ്മീഷന്‍ പറഞ്ഞു. വെള്ളിയാഴ്ച രൂക്ഷമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. മരണങ്ങളെല്ലാം വെള്ളിയാഴ്ച മാത്രമാണോ എന്നു വ്യക്തമല്ല.

പുതിയ ജനീകയ പ്രക്ഷോഭം പ്രധാനമന്ത്രി ആദില്‍ അബ്ദല്‍ മഹ്ദിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് ശിയ ആത്മീയ നേതാവ് ഗ്രാന്‍ഡ് ആയതൊല്ല അലി സിസ്താനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ പ്രതിഷേധം കനക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
 

Latest News