Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ പോര് കോൺഗ്രസിൽ 

രണ്ടാം മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന പ്രധാനപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലേത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ഉൾപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നു വേണ്ട പ്രധാന വാണിജ്യ, വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് മഹാരാഷ്ട്രയിൽ. 
ഇന്ത്യയുടെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുന്ന നാളുകളാണ് പിന്നിടുന്നത്. ആർബിഐയെ സമീപിച്ച് വിത്തെടുത്ത് കുത്തുന്ന പരിപാടിയിലാണ് കേന്ദ്ര സർക്കാർ. തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നു. ഇതിന്റെയെല്ലാം പ്രതിഫലനം മഹാരാഷ്ട്രയിലെ വോട്ടിംഗിൽ പ്രകടമാവുമെന്നാണ് സാധാരണ ഗതിയിൽ ആരും വിലയിരുത്തുക. രണ്ടാഴ്ച കൂടി പിന്നിടുമ്പോൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങേണ്ട സംസ്ഥാനത്തെ കാര്യങ്ങൾ എന്നാൽ വളരെ വിചിത്രമാണ്.  പ്രധാന പ്രതിപക്ഷമായ കോൺഗ്രസിലെ പോരുകളാണ് ദേശീയ മാധ്യമങ്ങളിൽ നിറയുന്നത്. കർഷക ആത്മഹത്യകളും ജി.എസ്.ടിയും നോട്ടുനിരോധനവും വരുത്തിയ സാമ്പത്തിക തകർച്ചയൊന്നും വിഷയമാകാൻ സാധ്യതയില്ല. കശ്മീരിന് പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തിനുള്ള ജനവിധിയായിരിക്കും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് പുൽവാമയും ബാലക്കോട്ടുമായിരുന്നുവെന്നത് വിസ്മരിക്കുന്നതെങ്ങിനെ? 
അതേസമയം, മഹാരാഷ്ട്രയിലെ കാവി സഖ്യത്തിലും അടിയൊഴുക്കുകൾ ശക്തമാണ്. തനിച്ചു ഭരിക്കാനുള്ള പടയൊരുക്കമാണ് ബി.ജെ.പി നടത്തിവരുന്നത്. സഖ്യകക്ഷിയായ ശിവസേനയില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാനുള്ള കരുനീക്കങ്ങളിലാണ് അവർ. 
മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ മകനാണ് കോൺഗ്രസിനെ അവസാനം കൈവിട്ടത്. ഗ്രാമീണ മേഖലയിൽ കോൺഗ്രസ് തുറുപ്പുച്ചീട്ടായി കണ്ടിരുന്ന നേതാവാണ് റാണെയുടെ മകൻ നിതേഷ് റാണ. പ്രചാരണത്തിന്  ഇറങ്ങില്ലെന്ന് സഞ്ജയ് നിരുപം അവസാന നിമിഷം തുറന്നടിച്ചിരിക്കുകയാണ്. ഇതോടെ മുംബൈ കോൺഗ്രസിലെ പ്രശ്‌നങ്ങളും രൂക്ഷമായി. 
റാണെയുടെ മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി ബിജെപിയിൽ ലയിക്കാൻ ഒരുങ്ങുകയാണ്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇത് നടക്കും. അതോടെ റാണയെ തേടി വലിയ സ്ഥാനങ്ങളുമെത്തും. മുൻ മുഖ്യമന്ത്രിയായിരുന്നത് കൊണ്ട് നാരായൺ റാണെയിൽ നിന്ന് ബിജെപി പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ് സൂചന. 
നിതേഷിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണെങ്കിലും, വിവാദങ്ങളുടെ കൂടപ്പിറപ്പാണ്.  ഈ വർഷം ഹൈവേ പരിശോധനയ്ക്കായി വന്ന എൻജിനീയറുടെ ദേഹത്ത് ചെളി വാരിയെറിയുകയും ഇയാളെ മുംബൈ -ഗോവ ഹൈവേയിലെ പാലത്തിൽ കെട്ടിയിടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ പിന്നീട് അഴിച്ചുവിട്ടത്. നിതേഷിനെയും അനുയായികളെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. നിതേഷിന്റെ വരവ് ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. മുൻ മുംബൈ കോൺഗ്രസ് അധ്യക്ഷനാണ് അടുത്ത വെടി പൊട്ടിച്ചത്. താൻ പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് നിരുപം തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. താൻ പറഞ്ഞ നിർദേശങ്ങളെല്ലാം പാർട്ടി അവഗണിച്ചെന്ന് സഞ്ജയ് നിരുപം പ്രതികരിച്ചു.  താൻ മുംബൈയിൽ മത്സരിക്കാൻ ഒരു പേര് മാത്രമാണ് നിർദേശിച്ചത്. അത് പോലും തള്ളി. തന്റെ സേവനങ്ങൾ പാർട്ടിക്ക് ഇനി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
മിലിന്ദ് ദേവ്‌റയുമായുള്ള പ്രശ്‌നങ്ങളാണ് സഞ്ജയ് നിരുപത്തിന്റെ മുന്നറിയിപ്പിലുള്ളത്. മുംബൈ നോർത്തിൽ നിരുപത്തിന് സ്വാധീനമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് മുംബൈയിൽ സാധിച്ചിരുന്നില്ല. ഇക്കാരണത്താൽ ഏക്‌നാഥ് ഗെയ്ക്ക് വാദിനാണ് സോണിയ ചുമതല നൽകിയിരിക്കുന്നത്. അതേസമയം മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
കോൺഗ്രസിൽ കുഴപ്പങ്ങൾ മൂർഛിക്കുമ്പോൾ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ് കാവിസഖ്യം. അഞ്ച് വർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ തന്നെയാണ് ബി.ജെ.പി ഇവിടെ രണ്ടാമതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. 140 നിയോജകമണ്ഡലങ്ങളിലൂടെ 4000 കിലോമീറ്റർ സഞ്ചരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മഹാജനദേശ് യാത്രയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. യാത്രയുടെ സമാപനറാലിയിൽ കശ്മീർ വിഷയത്തിലെ ജനപിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളോട് തേടിയിരുന്നത്.
288 അംഗ നിയമസഭയിൽ ഒറ്റക്ക് ഭരിക്കാമെന്ന ആത്മവിശ്വാസം മോഡിക്ക് മുന്നിലും മുഖ്യമന്ത്രി ഫഡ്‌നാവിസ് പ്രകടിപ്പിച്ചിട്ടുണ്ട്. 
മഹാരാഷ്ട്രയിൽ വല്യേട്ടനായിരുന്ന ശിവസേനക്ക് പകുതി സീറ്റുകൾ പോലും നൽകാതെ ഒതുക്കാനും ബി.ജെ.പിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതേസമയം ഇരുപാർട്ടികളും പരസ്പരം കാലുവാരിയാൽ സ്വപ്‌നങ്ങളെല്ലാം തകർന്നടിയാനാണ് സാധ്യത. 288 സീറ്റുകളിൽ ബി.ജെ.പി 164സീറ്റിലും ശിവസേന 124 സീറ്റുകളിലും മത്സരിക്കാനാണ് നിലവിൽ ധാരണ. ചരിത്രത്തിലാദ്യമായാണ് മഹാരാഷ്ട്രയിൽ സഖ്യമായി ശിവസേന ബി.ജെ.പിയേക്കാൾ കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്നത്.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുവിഭജനത്തിൽ ധാരണയാകാഞ്ഞതോടെ ബി.ജെ.പിയും ശിവസേനയും വേറിട്ടാണ് മത്സരിച്ചിരുന്നത്. 122 സീറ്റുമായി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോൾ ശിവസേന 63 സീറ്റുകളിലാണ് വിജയിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പിനു ശേഷമാണ് ഇരുകക്ഷികളും സഖ്യമായി സർക്കാർ രൂപീകരിച്ചത്.
കഴിഞ്ഞ തവണത്തെ 83 സീറ്റുകൾ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 41 സീറ്റും നേടിയത് എൻ.ഡി.എയായിരുന്നു. ബി.ജെ.പി 23 എം.പിമാരെ നേടിയപ്പോൾ ശിവസേനക്ക് 18 എം.പിമാരെയാണ് ലഭിച്ചത്. യു.പി.എയിൽ എൻ.സി.പിക്ക് നാല് സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് ഒറ്റ സീറ്റ്‌കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. 
മഹാരാഷ്ട്രയിൽ കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എൻ.സി.പി നേതാവ് ശരത്പവാറിനെ എൻഫോഴ്‌സ്‌മെന്റ് കേസിൽ കുടുക്കിയതും പവാറിന്റെ മകൻ അജിത് പവാറിനെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് അഴിമതിയിൽ പ്രതിയാക്കിയതും കോൺഗ്രസ്-എൻ.സി.പി സഖ്യത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കോൺഗ്രസും എൻ.സി.പിയും അവരുടെ ശക്തികേന്ദ്രങ്ങളിൽപ്പോലും പതറുന്ന കാഴ്ചയാണ് നിലവിലുള്ളത്. കോൺഗ്രസ് കോട്ടകളായ വിദർഭ. മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലെല്ലാം വലിയ തിരിച്ചടിയാണ് അവർ നേരിടുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ശക്തരായിരുന്ന എൻ.സി.പിയുടെ നിലയും ഇപ്പോൾ ഏറെ പരുങ്ങലിലാണ്. അംബേദ്ക്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്ക്കറുടെ പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡി കോൺഗ്രസിന്റെ ദലിത്, മുസ്‌ലിം വോട്ടുബാങ്കിന് ഭീഷണിയാണ്.
മോഡിയുടെ പ്രധാന വിമർശകനായ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയെ സംബന്ധിച്ച് മകനെ മുഖ്യമന്ത്രിയാക്കുകയാണ് പ്രധാന ലക്ഷ്യം. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നേടിക്കൊടുക്കുമെന്ന് മുൻപ് ബാൽതാക്കറെക്ക് നൽകിയ ഉറപ്പ് പാലിക്കുക എന്നത് അഭിമാന പ്രശ്‌നമായാണ് അദ്ദേഹം കാണുന്നത്. ഇത്തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കായിരിക്കുമെന്നാണ് ഉദ്ദവ് പ്രഖ്യാപിച്ചിരിക്കുന്നത്. 
താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി ഒരാൾ ഇത്തവണ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.  
ഉദ്ദവ് താക്കറെയുടെ മൂത്ത മകൻ ആദിത്യ താക്കറെയാണ് മത്സരരംഗത്തുള്ളത്. ശിവസേനയുടെ കോട്ടയായ വേർലി മണ്ഡലത്തിലാണ് ആദിത്യ മത്സരിക്കുന്നത്. സിറ്റിങ് എം.എൽ.എ സുനിൽ ഷിൻഡേയാണ് ആദിത്യക്കുവേണ്ടി സീറ്റ് വിട്ടു നൽകിയിരിക്കുന്നത്. 
1966ൽ ശിവസേന രൂപീകരിച്ചശേഷം കുടുംബത്തിലെ ഒരു അംഗവും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഭരണഘടനാ പദവി വഹിക്കുകയോ ചെയ്തിരുന്നില്ല. മത്സരരംഗത്തുള്ള ആദിത്യ യാത്ര നടത്തി സേനാപ്രവർത്തകർക്ക് വലിയ ആവേശം ഇതിനകം പകർന്നിട്ടുണ്ട്. തനിച്ചു ഭരിക്കാൻ ബി.ജെ.പിയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേനയും നടത്തുന്ന കരുനീക്കങ്ങളിലെ വെട്ടിനിരത്തലിൽ മാത്രമാണിപ്പോൾ കോൺഗ്രസ് -എൻ.സി.പി സഖ്യത്തിന്റെ ഏക പ്രതീക്ഷ. പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കെട്ടായി നിർത്തുന്നതിൽ ഈ സഖ്യം വലിയ പരാജയമാണ്. 
കർഷക പ്രക്ഷോഭത്തിൽ തിളച്ച് മറിഞ്ഞ മേഖലകളിൽ സി.പി.എമ്മിന് പോലും അർഹമായ പരിഗണന നൽകാൻ എൻ.സി.പി ഇതുവരെ തയ്യാറായിട്ടില്ല. മഹാരാഷ്ട്രയെ സംബന്ധിച്ച് ചെങ്കൊടിയുടെ ശക്തി ഇന്ന് ആ നാടിന് വ്യക്തമാണ്. പതിനായിരക്കണക്കിന് കർഷകരെ അണി നിരത്തി സിപിഎം കർഷക സംഘടനയായ കിസാൻ സഭ നടത്തിയ ലോങ് മാർച്ച് രാജ്യത്തെ തന്നെ പിടിച്ചുലച്ച സമരമായിരുന്നു. 
സർക്കാറിനെ കൊണ്ട് ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ ഈ ചുവപ്പ് മുന്നേറ്റത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആരുടെ പിന്തുണയില്ലെങ്കിലും ശക്തിതെളിയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണിപ്പോൾ സി.പി.എം. 
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്തെന്ന പോലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ട്. 
സ്റ്റാർ ക്യാമ്പയിനർമാരായി രാഹുലും പ്രിയങ്ക ഗാന്ധിയും മാത്രമാണ് ഉള്ളതെന്നതൊരു വസ്തുതയാണ്. നന്നായി പ്രവർത്തിക്കുന്നവർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മികച്ച സ്ഥാനങ്ങളിലെത്തും എന്ന് രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മാത്രമാണ്  പ്രചാരണത്തിന് നേതാക്കളെ കളത്തിലിറക്കാനുള്ള തന്ത്രം. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും മറ്റും ക്ഷയിക്കുന്നത് രാജ്യ താൽപര്യത്തിനെതിരാണെന്ന് മനസ്സിലാക്കാത്തവർ ഈ രണ്ട് പാർട്ടികളുടേയും മഹാരാഷ്ട്രയിലെ നേതാക്കന്മാർ മാത്രമായിരിക്കും. 

Latest News