Sorry, you need to enable JavaScript to visit this website.

രഹസ്യധാരണകളും അഴിമതി ആരോപണങ്ങളും

കേരളത്തിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് കൃത്യം രണ്ടാഴ്ചമാത്രം.  അതിനിടയിൽ മണ്ഡലമാകെ ഓടിയെത്താൻ സ്ഥാനാർത്ഥികളും പ്രചാരണം ഫലപ്രാപ്തിയിലെത്തിക്കാൻ മുന്നണികളും വിഷമിക്കുകയാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പിൽ അടുത്ത കാലങ്ങളിലായി ഉയരുന്ന വോട്ടുമറിക്കലിന്റെയും അഴിമതിയുടെയും ആരോപണങ്ങൾ ഇത്തവണയും രംഗത്തുണ്ട്. പഞ്ചവടിപ്പാലമെന്ന നിലയിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം യു.ഡി.എഫിനെതിരെ സി.പി.എം തുടരുന്നു. സി.പി.എമ്മിനും എൽ.ഡി.എഫിനും നേരെ വന്ന ആരോപണം പാലാ ഉപതെരഞ്ഞെടുപ്പിന്റെ തുടർച്ചയെന്നു പറഞ്ഞ് സി.പി.എം തള്ളിക്കളയുന്നു. എന്നാൽ ആഴത്തിൽ  പരിശോധിച്ചാൽ ഈ വോട്ടുമറിക്കലും അഴിമതി വിവാദവും അവിശുദ്ധവും രഹസ്യാത്മകവുമായ രഹസ്യധാരണകളുടെയും ബ്ലാക്‌മെയിലിങിന്റെയും  പുറത്തേക്കു തെറിക്കുന്ന തെളിവുകളാണെന്ന് പറയേണ്ടിവരും. 
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിൽ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും എതിരാളികൾ വോട്ടുമറിച്ചെന്ന ആരോപണം മാറിമാറി ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ വെളിപ്പെട്ടത് ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണിയിൽനിന്ന് വോട്ടു ചോർന്നെന്നും അത് എൽ.ഡി.എഫിന്റെ ചരിത്ര വിജയത്തിനാണ് മുതൽകൂട്ടിയതെന്നുമാണ്. തെരഞ്ഞെടുപ്പു വേളയിൽതന്നെ ഇതിന്റെ പൊട്ടിത്തെറി ബി.ജെ.പിയിൽ കണ്ടു.  കേരളാ കോൺഗ്രസ് എമ്മിലെ പരസ്പര ശത്രുതയും പിളർപ്പും എൽ.ഡി.എഫിന്റെ വിജയത്തിന് സഹായകവുമായി. 
പാലായിൽ തങ്ങൾക്ക് വോട്ടുചോർന്നത്  ബി.ജെ.പി സംസ്ഥാനനേതൃത്വംതന്നെ സമ്മതിച്ചിട്ടുണ്ട്.  ആർക്കെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും.     പാലായിലേത് തീർത്തും അസാധാരണമായ രാഷ്ട്രീയ സാഹചര്യമായിരുന്നെന്നും അതിന്റെ പ്രതിഫലനമാണ് ജനവിധിയിലുണ്ടായതെന്നും എല്ലാവരും  അംഗീകരിക്കുന്നുണ്ട്. ഇതിൽനിന്നു വ്യത്യസ്തമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് ജനങ്ങൾക്കു പറ്റിയ തെറ്റിദ്ധാരണകൊണ്ടാണ്. അതവർ തിരുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ താൻ പറഞ്ഞതുപോലെ സർക്കാറിന്റെ ഭരണനേട്ടങ്ങളുടെ വിധിയെഴുത്താണ് പാലയിലേത്. തുടർന്ന് അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഇതുതന്നെ ആവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പിക്കുന്നു. 
അങ്ങനെയെങ്കിൽ  വട്ടിയൂർക്കാവ് തൊട്ട് മഞ്ചേശ്വരംവരെയുള്ള അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിക്കണം. യു.ഡി.എഫും ബി.ജെ.പിയും പൂർണ്ണ പരാജയം നേരിടണം. അതാണ് വസ്തുതയെങ്കിൽ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിടങ്ങളിലും ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിക്കുമെന്ന് സി.പി.എം ആരോപിക്കുന്നതെന്തിന്?   പാലായിൽതന്നെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിക്കുന്നു എന്ന് മാണി സി. കാപ്പൻപോലും ആരോപിച്ചിരുന്നു. വോട്ടെണ്ണുന്നതിന്റെ തലേന്നാൾ പതിനായിരം വോട്ടിന് ജയിക്കുമെന്നു പറഞ്ഞ മാണി സി. കാപ്പൻതന്നെ.
ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷമുള്ള ഇന്ത്യൻ സാഹചര്യം പരിശോധിക്കുന്ന ഏതൊരാൾക്കും കോൺഗ്രസിനെ ജയിപ്പിക്കാൻ ബി.ജെ.പി വോട്ടുമറിക്കുമെന്ന് പറയാൻ കഴിയില്ല. കോൺഗ്രസിനെ വേട്ടയാടുകയാണ് മോഡി ഗവണ്മെന്റ്. കോൺഗ്രസിൽനിന്ന് സ്വരക്ഷയ്ക്കും അധികാരത്തിനുവേണ്ടി നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് മറ്റൊരു വിഷയമാണ്.     കോൺഗ്രസിന് സ്വന്തം നിലനിൽപ്പിന്റെതന്നെ ജീവന്മരണ പ്രശ്‌നമാണ് അത് ചരിത്രത്തിൽ അഭിമുഖീകരിക്കുന്നത്. 
ആശയപരമായും രാഷ്ട്രീയമായും ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബി.ജെ.പിയുമായോ അതിന്റെ ഗവണ്മെന്റിന്റെ ധ്രുവീകരണ - ഹിന്ദുത്വ നയങ്ങളുമായോ ഏഴയലത്തുപോലും സഹകരിക്കാൻ സാധ്യമല്ലാത്ത ഒരു പാർട്ടിയാണ് സി.പി.എം. പക്ഷെ, പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റും തമ്മിൽ സഹകരണത്തിന്റെ ആഴത്തിലുള്ള ബന്ധമാണ്.  ബി.ജെ.പിയുടെ സംസ്ഥാന സർക്കാറുകൾക്ക് ഉള്ളതിലും  കവിഞ്ഞ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ബന്ധം.  ഡൽഹിയിൽനിന്നുള്ള രാഷ്ട്രീയ നിരീക്ഷകർ നിരവധി ഉദാഹരണം സഹിതമാണ് ഇത് വിശദീകരിക്കുന്നത്. 
ധ്രുവങ്ങളുടെ അകലങ്ങളിൽ നിൽക്കേണ്ട പാർട്ടിയുടെ മുഖ്യമന്ത്രിക്ക് മോഡി സർക്കാറിലുള്ള ഈ സ്വാധീനത്തിന്റെ കാരണങ്ങളും അവർ നിരത്തുന്നു:  കേരളത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ മേധാവിത്വത്തെയും യു.ഡി.എഫ് മുന്നണി സംവിധാനത്തെയും അവർക്ക് തകർക്കേണ്ടതുണ്ട്. കേരളം പിടിച്ചെടുക്കകയെന്ന അജണ്ടയുടെ ആദ്യ ഘട്ടമായി അവർ അതിനെ കാണുന്നു.  ബി.ജെ.പിക്കോ എൻ.ഡി.എയ്‌ക്കോ സമീപകാലത്തൊന്നും ഈ രണ്ടു മുന്നണികൾക്കുമിടയിൽ രാഷ്ട്രീയ ശക്തിയായി ന്യൂനപക്ഷങ്ങളേറെയുള്ള കേരളത്തിൽ ഉയർന്നുവരാനാകില്ലെന്ന തിരിച്ചറിവാണ് ആർ.എസ്.എസിനുതന്നെ ഇത് അംഗീകരിക്കേണ്ടിവരുന്നത്. മുഖ്യമന്ത്രിയേയും സംസ്ഥാന ഭരണത്തെയും എൽ.ഡി.എഫിനെതന്നെയും ഉപയോഗപ്പെടുത്തി കോൺഗ്രസിനെയും യു.ഡി.എഫിലെ പ്രമുഖ കക്ഷികളെയും ദുർബലപ്പെടുത്തുകയും  പിളർക്കുകയുമാണ് തല്ക്കാലം ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അജണ്ട.
മുഖ്യമന്ത്രി പിണറായിക്കാണെങ്കിൽ കാലാവധി കഴിയാൻ ഒന്നരവർഷത്തിൽ താഴെയാണ് ശേഷിക്കുന്നത്.  ഇതിനകം കേന്ദ്രത്തിന് അങ്ങോട്ടു പണം നൽകിയാണെങ്കിൽപോലും ദേശീയപാതതൊട്ട് അടിസ്ഥാന വികസന പശ്ചാത്തലമൊരുക്കുന്ന പ്രധാന പദ്ധതികൾ തുടങ്ങിവെക്കണം. അതിന് മോഡി സർക്കാറിന്റെ സഹായം വേണം. വികസനത്തിന്റെ പേരിലുള്ള ഈ സഹകരണം പരസ്പര രാഷ്ട്രീയ സഹകരണമായി വളരുന്നത് സ്വാഭാവികം. ഹിറ്റ്‌ലറുമായി സ്റ്റാലിൻതന്നെ അനാക്രമണകരാർ ഉണ്ടാക്കിയില്ലേയെന്ന് സി.പി.എമ്മിലെ പിണറായി ഭക്തർ ഇതിനെ ആശയപരമായി ന്യായീകരിക്കുകയും ചെയ്യുന്നു.  
വട്ടിയൂർക്കാവിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും ആർ.എസ്.എസിന്റെയും പിന്തുണയോടെ മത്സര പട്ടികയിൽ ഒന്നാംസ്ഥാനത്തായിരുന്ന കുമ്മനം രാജശേഖരനെ ഡൽഹിയിൽനിന്ന് അപ്രതീക്ഷിതമായി വെട്ടിമാറ്റി.   ഇതിനു പിന്നിൽ ആരാണെന്ന് താൻ അന്വേഷിക്കുന്നില്ലെന്ന് കുമ്മനംതന്നെ പ്രതികരിച്ചത് അർത്ഥഗർഭമായിരുന്നു. പാലായിൽ ബി.ജെ.പിക്ക് വോട്ടുചോർന്നത് സി.പി.എം - ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. ഏതാനും വോട്ടുകൾക്ക് അത്തരം ചെറ്റത്തരം സി.പി.എം ചെയ്യില്ലെന്നാണ് പിണറായി പറഞ്ഞത്.  മുല്ലപ്പള്ളിയോട് തെളിവുകൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ജയിക്കേണ്ടത് പലകാരണങ്ങളാൽ കോൺഗ്രസിനോട് പകരം വീട്ടാൻ പിണറായിക്ക് അനിവാര്യമാണ്. പ്രത്യേകിച്ചും വടകരയിൽ ചെന്ന് സി.പി.എമ്മിനെ മുരളി കൊമ്പുകുത്തിച്ചതിൽ. സി.പി.എമ്മിനെ സഹായിക്കാനാണ് കുമ്മനത്തെ മാറ്റിയതെന്നും ഇതിന്റെ പ്രത്യുപകാരം കോന്നിയിൽ ബി.ജെ.പിക്കു ലഭിക്കുമെന്നും കെ. മുരളീധരൻ പറയുകയുണ്ടായി. കണ്ണൂർക്കാരനായ കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ബി.ജെ.പി - സി.പി.എം രാഷ്ട്രീയ ധാരണയ്ക്കു പിന്നിലെന്നും. മുരളീധരന്റെ വെളിപ്പെടുത്തലിനോട് പിണറായി മൗനം ഭജിച്ചു.
കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത  ഇപ്രകാരം:  കേരള മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തമ്മിൽ പരസ്പര സഹകരണത്തിന്റെ ഒരു രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്.  മന്ത്രി വി. മുരളീധരന്റെ തലത്തിൽനിന്നൊക്കെ എത്രയോ ഉയർന്ന തലങ്ങളിൽ പിണറായിക്കും ബി.ജെ.പിക്കും പരസ്പരം   ഗുണംചെയ്യുന്ന തരത്തിൽ. വരുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം 3-2 എന്ന നിലയിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ പങ്കുവെക്കണം എന്നതാണ് അതിലൊന്ന് എന്നവർ വെളിപ്പെടുത്തുന്നു. 19 ലോക്‌സഭാ സീറ്റുനേടിയ യു.ഡി.എഫിനെ പൂജ്യം എന്ന കനത്ത പരാജയക്കുഴിയിൽ തള്ളിക്കൊണ്ട്. 
ഉപതെരഞ്ഞെടുപ്പുകളിൽ അങ്ങനെ നടക്കുമോയെന്നത് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടർമാരാണ് ആത്യന്തികമായി തീരുമാനിക്കേണ്ടത്.  അതുകൊണ്ട് ഈ ഗൂഢധാരണയുടെ അവസ്ഥയറിയാൻ ഈമാസം 24വരെ കാത്തിരിക്കേണ്ടതുണ്ട്. 
മോഡി ഗവണ്മെന്റിനു ബദലാണ് എൽ.ഡി.എഫ് ഗവണ്മെന്റെന്ന് ആവർത്തിച്ച് സി.പി.എം അവകാശപ്പെടുന്നു. അപ്പോഴും തിരിച്ചറിയാൻ കഴിയാത്ത ഇരട്ടകളെപ്പോലെയാണ് ഇരു സർക്കാറുകളുടെയും ഇപ്പോഴത്തെ നയങ്ങളും പോക്കും.  വികസനമെന്ന ലഹരി തലയ്ക്കുപിടിക്കാത്ത കേരളീയർക്കാകെ  അത് ബോധ്യവുമാണ്. 
അതിനിടയ്ക്കാണ് മലയാളിയായ ഒരു മുംബൈ വ്യവസായി മാണി സി. കാപ്പനെതിരെ മുംബൈ കോടതിയിൽ കൊടുത്ത ഒരു ചെക്കുകേസ് വിവാദമാകുന്നത്. എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തിലേക്ക് അഴിമതിബോംബായി വന്നുവീണത്. പാലായിലെ തെരഞ്ഞെടുപ്പു വിജിഗേഷു മാണി സി. കാപ്പനേയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ഒരു പീഡനകേസിൽ അദ്ദേഹം തള്ളിപ്പറഞ്ഞ മകൻ ബിനീഷ് കോടിയേരിയേയും കൂട്ടിക്കെട്ടി എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പു ഗോദയ്ക്കുമുമ്പിൽ ആരോപണക്കെട്ടായി എറിഞ്ഞത്.  
തെരഞ്ഞെടുപ്പുകളിൽ എല്ലാ മുന്നണികളും പാർട്ടികളും നടത്തുന്ന ആരോപണാഘോഷംപോലെയെന്ന് ഇതിനെയും വ്യാഖ്യാനിക്കാം. തുഷാർ വെള്ളാപ്പള്ളി ഗൾഫിൽ ചെക്കുകേസിൽ പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായിയടക്കം ഇടപെട്ട കേസുപോലെ കണക്കാക്കുകയും ചെയ്യാം. എന്നാൽ അതിൽനിന്നും വ്യത്യസ്തമായ ധാർമ്മികതയുടെ പ്രശ്‌നങ്ങൾ ഇതിൽ ഉയർന്നുനിൽക്കുന്നു. 
എം.എൽ.എയായി മാത്രമല്ല എൻ.സി.പി മന്ത്രിയായിപോലും പിന്നാലെ സത്യപ്രതിജ്ഞയെടുക്കേണ്ട മാണി സി. കാപ്പനാണ് ഈ തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്ത്. അതിലേറെ സി.പി.എം സംസ്ഥാന സെക്രട്ടറിയും അദ്ദേഹത്തിന്റെ മകനും കേസുകൊടുത്ത വ്യവസായിയും മാണി സി. കാപ്പനും  പറഞ്ഞ കാര്യങ്ങൾ ചേർത്തുവെച്ചാൽ സി.പി.എം ജനങ്ങൾക്കുമുമ്പിൽ മറുപടി പറയേണ്ട ചോദ്യങ്ങൾ   ഉയർന്നുനിൽക്കുന്നു. 
-കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് മാണി സി. കാപ്പൻ വ്യവസായിയേയുമായി കോടിയേരിയേയും  മകൻ ബിനീഷിനെയും കാണാൻ ഔദ്യോഗിക വസതിയിൽ ചെന്നു. 
-കോടിയേരി പണം കൈപ്പറ്റിയില്ലെന്ന് വ്യവസായി പറയുന്നു. മാണി സി. കാപ്പനാണ് പണം പറ്റിയതെന്നും വഞ്ചിച്ചതെന്നും. ബിനീഷിന്റെ കാര്യത്തിൽ കാപ്പനും വ്യവസായിയും ഒരുപോലെ മൗനത്തിൽ. 
-കാപ്പൻ സി.ബി.ഐയ്ക്കു നൽകിയെന്നു പറയുന്ന മൊഴിയിൽ  കൂടിക്കാഴ്ചയ്ക്കുശേഷം വ്യവസായി ഇതിൽ ആർക്കോ പണം കൊടുത്തകാര്യം വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ പ്രതികരണത്തിൽ കാപ്പൻ  കണ്ണൂർ വിമാനത്താവളം ഒഴിവാക്കുന്നു. മേഘാലയിലെ ഭൂമി കൂട്ടുകച്ചവടം എന്നാക്കുന്നു.  3.5 കോടി കൈപ്പറ്റിയകാര്യവും വണ്ടിച്ചെക്കു കൊടുത്തകാര്യവും സമ്മതിക്കുന്നു.  
- വിൽപനയ്ക്കില്ലാത്ത കണ്ണൂർ വിമാനത്താവള ഓഹരിക്കുവേണ്ടി മന്ത്രി കോടിയേരിയെ ചെന്നുകാണുക. അയാൾതന്നെ സി.പി.എം  മുന്നണിയുടെ സ്ഥാനാർത്ഥിയും എം.എൽ.എയും ആകുക. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേസിന്റെ വിവരങ്ങൾ  മറച്ചുപിടിക്കുക. ഇടതുമുന്നണി എം.എൽ.എ ചതിയനും വഞ്ചകനുമാണെന്ന് പണം കൊടുത്ത ആൾ ആരോപിക്കുക. ഇതൊക്കെയാണെങ്കിലും വ്യവസായിക്കു വേണ്ട കോടികൾ കൊടുത്ത് ഈ കേസും ഒതുക്കിത്തീർക്കാൻ സി.പി.എമ്മിന്റെയും എൽ.ഡി.എഫ് സർക്കാറിന്റെയും ജാമ്യത്തിൽ കുത്തക മുതലാളിമാർ മുന്നോട്ടുവരുമെന്നതിൽ സംശയമില്ല. 
പക്ഷെ, ഇതെന്തൊരു പാർട്ടി? എന്തൊരു മുന്നണി? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പുത്തൻ മണക്കുന്ന ഹർകിഷൻ സുർജിത് ഭവനിൽ കൊൽക്കത്ത പ്ലീനത്തിന്റെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് കേന്ദ്ര കമ്മിറ്റിയംഗങ്ങൾക്കൊപ്പം  കോടിയേരി ഇപ്പോൾ. അവിടെയിരുന്നാണ് 'മാണി സി. കാപ്പനും ദിനേശ് മേനോനും നിഷേധിച്ചിട്ടും എന്തിനാണ് എന്നെ വലിച്ചിഴയ്ക്കുന്നത്' എന്ന് അദ്ദേഹം ദയനീയമായി ചോദിക്കുന്നത്. എന്തൊരു അധഃപതനം!

Latest News