Sorry, you need to enable JavaScript to visit this website.

പ്രമുഖര്‍ക്കെതിരായ കേസുകള്‍ ഉപേക്ഷിക്കണമെന്ന് ഉദ്യോഗസ്ഥയോട് നികുതി ബോര്‍ഡ് ചെയര്‍മാന്‍; പുതിയ വിവാദം

ന്യൂദല്‍ഹി- രാജ്യത്തെ മുന്‍ നിര വ്യവസായ പ്രമുഖര്‍ ഉള്‍പ്പെട്ട നികുതി വെട്ടിപ്പില്‍ അന്വേഷണം നടത്തരുതെന്നും ഇവരുടെ പേരുകള്‍ എവിടേയും പരാമര്‍ശിക്കരുതെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ചെയര്‍മാന്‍ പ്രമോദ് ചന്ദ്ര മോഡി ആവശ്യപ്പെട്ടെന്ന് മുംബൈയിലെ ആദായ നികുതി ചീഫ് കമ്മീഷണര്‍ അല്‍ക്ക ത്യാഗിയുടെ പരാതി. ധനമന്ത്രി നിര്‍മല സീതാരാമന് അല്‍ക്ക അയച്ച പരാതിയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു കൊണ്ടു വന്നത്. ഒമ്പതു പേജുകള്‍ വരുന്ന പരാതിയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതി ഭരണത്തലവന്റെ സമ്മര്‍ദ്ദങ്ങളെ കുറിച്ചും അല്‍ക്ക ത്യാഗി വിശദമാക്കുന്നു. പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, ക്യാബിനെറ്റ് സെക്രട്ടറി എന്നിവര്‍ക്കും അല്‍ക്ക അയച്ചിട്ടുണ്ട്.

കള്ളപ്പണ നിയമ പ്രകാരം മുകേശ് അംബാനിയുടെ കുടുംബത്തിന് അയച്ച നോട്ടീസ്, ജെറ്റ് എയര്‍വേയ്‌സ് നികുതി വെട്ടിപ്പ് കേസ്, ദീപക് കൊഛാര്‍-ഐസിഐസിഐ ബാങ്ക് കേസ് എന്നീ നികുതി വെട്ടിപ്പു കേസുകളായിരുന്നു മുംബൈ ആദായ നികുതി ചീഫ് കമ്മീഷണര്‍ ആയിരിക്കെ അല്‍ക്ക ത്യാഗിയുടെ ഓഫീസ് പരിശോധിച്ചു വന്നിരുന്നത്. ഈ പേരുകള്‍ വെളിപ്പെടുത്തണമെന്ന് കരുതിയിരുന്നതല്ലെന്നും എന്നാല്‍ സിബിഡിടി ചെയര്‍മാന്‍ പ്രമോദ് ചന്ദ്ര മോഡിയുടെ സംശയകരവും ദുരുദ്ദേശപരവുമായ പ്രവര്‍ത്തന സ്വഭാവം മൂലമാണ് വെളിപ്പെടുത്തേണ്ടി വന്നതെന്നും പരാതിയില്‍ അല്‍ക്ക ചൂണ്ടിക്കാട്ടുന്നു.

പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്‌സ് പദവിയിലേക്ക് പ്രമോഷന്‍ ലഭിക്കേണ്ടിയിരുന്ന അല്‍ക്ക ത്യാഗിയെ വ്യാഴാഴ്ച നാഗ്പൂരിലെ നാഷണല്‍ അക്കാദമി ഓഫ് ഡയറ്ക്ട് ടാക്‌സസില്‍ പരിശീലന ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് എന്ന പോസ്റ്റിലേക്ക് മാറ്റി നിയമിച്ചിരുന്നു. 

സുപ്രധാനമായ ഈ കേസുകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ഒരു പ്രതിപക്ഷ നേതാവിനെതിരെ നടപടി എടുത്താണ് തന്റെ പദവി സുരക്ഷിതമാക്കിയതെന്ന് പ്രമോദ് ചന്ദ്ര മോഡി പറഞ്ഞതായും അല്‍ക്ക ത്യാഗി വ്യക്തമാക്കുന്നു. ഓഗസ്റ്റ് 29ന് കേന്ദ്ര സര്‍ക്കാര്‍ മോഡിയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയിരുന്നു. നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് മോഡി തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ തുടങ്ങിയെന്നും അവര്‍ ആരോപിച്ചു. നേരത്തെ തന്നെ കുറ്റവിമുക്തയാക്കിയ പഴയൊരു വിജിലന്‍സ് കേസ് വീണ്ടും പൊടിതട്ടിയെടുത്തും തന്റെ ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഫലയലുകള്‍ മോഷ്ടിച്ചും നശിപ്പിച്ചുമാണ് പ്രതികാരം ചെയ്യുന്നതെന്നും പരാതിയില്‍ ചുണ്ടിക്കാട്ടുന്നു.

ഈ കേസുകളില്‍ തുടര്‍ നടപടികള്‍ അരുതെന്നും എല്ലാ നീക്കങ്ങളും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ മാസം അവസാനത്തിലും മേയ് മാസം ആദ്യത്തിലുമായാണ് സിബിഡിടി  ചെയര്‍മാന്‍ പ്രമോദ്് ചന്ദ്ര മോഡിയുടെ അറിയിപ്പ് ലഭിച്ചതെന്ന് അല്‍ക്ക പറയുന്നു. എന്നാല്‍ തുടര്‍ നടപടി ഉപേക്ഷിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കിയെങ്കിലും തുടര്‍ച്ചയായി ഈ ആവശ്യം മോഡി ആവര്‍ത്തിച്ചത് ഞെട്ടിപ്പിച്ചുവെന്നും അല്‍ക്ക പരാതിയില്‍ പറയുന്നു. 

നികുതി വെട്ടിപ്പ് നടത്തിയ വ്യവസായ പ്രമുഖരുടെ പേരുകള്‍ ഒരിടത്തും വരരുതെന്നും ഇവരുമായി ബന്ധമുള്ള എല്ലാ വിവരങ്ങളും നീക്കം ചെയ്യണമെന്നും ഒരു ഫയലുകളിലും സൂചനകള്‍ ഉണ്ടാകരുതെന്നുമാണ് പ്രമോദ് ചന്ദ്ര മോഡി നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇത്തരമൊരു നികുതി വെട്ടിപ്പ് വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട നികുതി ഉദ്യോഗസ്ഥര്‍ നടപടി എടുക്കല്‍ നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വിജിലന്‍സ് നടപടികള്‍ നേരിടേണ്ടി വരുമെന്നും കരിയര്‍ തന്നെ നശിച്ചേക്കുമെന്നും അല്‍ക്ക ത്യാഗി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിനു ശേഷവും മോഡി ഈ പ്രമുഖര്‍ക്കെതിരായ നോട്ടീസുകള്‍ക്ക് തന്റെ അനുമതി ആവശ്യമാണെന്ന് ആവര്‍ത്തിക്കുകയും അവസാനം വരെ അതു നല്‍കിയില്ലെന്നും അല്‍ക്ക പരാതിപ്പെടുന്നു.  


 

Latest News