താമരശ്ശേരി- കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ ആറ് പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനം ബലപ്പെടുകയാണ്. റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തതെങ്കിലും ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു മരണങ്ങള്‍ക്കും തുമ്പാകുമെന്നാണ് പോലീസ് കരതുന്നത്.
രാവിലെ വീട്ടിലെത്തിയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ച്ചയായി ചോദ്യം ചെയ്തുവെങ്കിലും ജോളി ഒന്നും വിട്ടുപറയുന്നില്ലെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്.
ജ്വല്ലറി ജീവനക്കാരനായ ബന്ധുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ ലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയെങ്കിലും ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം.
വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഡി.എന്‍.എ പരിശോധനഫലം ലഭിക്കാന്‍ ഒരുമാസം സമയമെടുക്കും. ഡി.എന്‍എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു അഞ്ച് മരണങ്ങള്‍ എങ്ങനെ നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു. സ്വത്ത് കൈക്കലാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.