Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അക്കൗണ്ടന്റുമാര്‍ക്ക് പ്രൊഫഷന്‍ മാറ്റം നിര്‍ത്തി; രജിസ്‌ട്രേഷന്‍ മാത്രം മാര്‍ഗം

പബ്ലിക് അക്കൗണ്ട്‌സിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഇഖാമ പുതുക്കാനാവില്ലെന്നും തൊഴിൽ മന്ത്രാലയം

റിയാദ്- സൗദി അറേബ്യയിൽ 19 അക്കൗണ്ടന്റ് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പ്രൊഫഷൻ മാറ്റം നിർത്തിവെച്ചതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ പ്രൊഫഷനുകളിലുള്ളവർ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്‌സിൽ രജിസ്റ്റർ ചെയ്യണമെന്നും ഇല്ലെങ്കിൽ ഇഖാമ പുതുക്കാനാവില്ലെന്നും മന്ത്രാലയം ചോദ്യത്തിനുത്തരമായി പറഞ്ഞു.

സ്വദേശിവത്കരണം ഊർജിതമാക്കുന്നതിന്റെയും തൊഴിൽ മേഖലയുടെ നവീകരണത്തിന്റെയും ഭാഗമായാണ് രജിസ്‌ട്രേഷൻ നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് അംഗീകൃത സർട്ടിഫിക്കറ്റുള്ളവർ പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ തൊഴിൽ മന്ത്രാലയം കർശനമാക്കിയത്. നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇഖാമ പുതുക്കുമ്പോൾ പ്രൊഫഷൻ മാറ്റാമെന്ന ധാരണയിൽ ആരും അതത്ര ഗൗരവമായെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ പ്രൊഫഷനുകളിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം സമ്പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. അഥവാ പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനി (എസ്.ഒ.സി.പി.എ) ൽ രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഖാമ പുതുക്കാനാവൂ. ഇല്ലെങ്കിൽ ഇഖാമ പുതുക്കാതെ മറ്റു നടപടികളിലേക്ക് നീങ്ങേണ്ടിവരും.


വൻ തുക ലെവി അടക്കേണ്ടത് കാരണം മിക്ക കമ്പനികളും കാലാവധിയുടെ അവസാന സമയങ്ങളിലാണ് തൊഴിലാളികളുടെ ഇഖാമ പുതുക്കാറുള്ളത്. അപ്പോഴാണ് പുതുക്കാനാവില്ലെന്നും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടുകയോ പബ്ലിക് അക്കൗണ്ട്‌സിൽ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന സന്ദേശം ലഭിക്കുന്നത്. എന്നാൽ മക്തബുൽ അമൽ ഓഫീസിൽ പോയി കാര്യമന്വേഷിക്കുമ്പോൾ പബ്ലിക് അക്കൗണ്ട്‌സിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.


രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മാർഗരേഖകൾ പബ്ലിക് അക്കൗണ്ട്‌സ് പോർട്ടലിലും തൊഴിൽ മന്ത്രാലയ വെബ്‌സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടിംഗിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ നേടിയവർ, എ.ഐ.സി.പി.എ-അമേരിക്ക, ഐ.സി.എ.ഇ.ഡബ്ല്യൂ-ഇംഗ്ലണ്ട്, സി.ഐ.സി.എ-കാനഡ, സി.എ-ഓസ്‌ട്രേലിയ, എ.സി.സി.എ-യു.കെ, ഐ.സി.എ.പി-പാക്കിസ്താൻ, ഐ.സി.എ.ഐ-ഇന്ത്യ, ഐ.എം.എ, ഐ.ഐ.എ-അമേരിക്ക എന്നിവയിലേതെങ്കിലും പ്രൊഫഷനൽ സർട്ടിഫിക്കറ്റ് നേടിയവർക്ക് സർട്ടിഫിക്കറ്റ് കോപ്പി അറ്റാച്ച് ചെയ്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ അക്കൗണ്ടിംഗിൽ അല്ലാത്ത ബിരുദമുള്ളവർ പബ്ലിക് അക്കൗണ്ട്‌സ് നിർദേശിക്കുന്ന 15 മണിക്കൂർ അക്കൗണ്ടിംഗ് പരിശീലനം, അല്ലെങ്കിൽ ഒമ്പത് മണിക്കൂറുള്ള അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, സകാത്ത്, ടാക്‌സ് എന്നിവയുടെ ഫെലോഷിപ്പ് കോഴ്‌സ് തുടങ്ങിയവ പൂർത്തിയാക്കണം. എന്നാൽ മാത്രമേ ഓർഗനൈസേഷന്റെ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താനാവൂ. ഇത്തരം പരിശീലനങ്ങൾക്ക് ഓർഗനൈസേഷന്റെ പോർട്ടൽ വഴി പണമടച്ച് അപേക്ഷിക്കാനും അവസരമുണ്ട്. നിലവിൽ പല കമ്പനികളും സർട്ടിഫിക്കറ്റില്ലാത്ത അക്കൗണ്ടന്റ് പ്രൊഫഷനിലുള്ളവരെ ഇത്തരം കോഴ്‌സുകൾക്ക് അയക്കുകയാണ് ചെയ്യുന്നത്. കോഴ്‌സ് പൂർത്തിയാക്കുന്നതോടെ മാത്രമേ ഇഖാമ പുതുക്കാനാവൂ. 
യൂസർ നെയിമും പാസ്‌വേഡുമുണ്ടാക്കി ലോഗിൻ ചെയ്ത ശേഷം വ്യക്തി വിവരങ്ങൾ നൽകിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ശേഷം ഫോട്ടോയോടൊപ്പം ബിരുദ സർട്ടിഫിക്കറ്റ്, കോഴ്‌സ് സർട്ടിഫിക്കറ്റ്, ഇഖാമ, പാസ്‌പോർട്ട് കോപ്പികളും അറ്റാച്ച് ചെയ്ത് പണമടച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഓർഗനൈസേഷന്റെ ഓതറൈസേഷൻ ലെറ്ററും പൂരിപ്പിക്കേണ്ടതുണ്ട്. 315 റിയാലാണ് രജിസ്‌ട്രേഷൻ ഫീ. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് 525 റിയാലും.

19 പ്രൊഫഷനുകൾ

ഡയറക്ടർ ഓഫ് ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, അക്കൗണ്ട്‌സ് ആന്റ് ബജറ്റ് മാനേജർ, കോസ്റ്റ് അക്കൗണ്ടന്റ്, ജനറൽ അക്കൗണ്ടന്റ്, ഇന്റേണൽ ഓഡിറ്റർ, ഫസ്റ്റ് ഫിനാൻഷ്യൽ ഓഡിറ്റർ, അക്കൗണ്ട്‌സ് ഓഡിറ്റർ, ഡയറക്ടർ ഓഫ് ഫൈനാൻഷ്യൽ റിപ്പോർട്ടിംഗ് ഡിപ്പാർട്ട്‌മെന്റ്, ഹെഡ് ഓഫ് ഇന്റേണൽ ഓഡിറ്റ് പ്രോഗ്രാംസ്, കോസ്റ്റ് അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ, ഫിനാൻസ് ഓഡിറ്റർ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, ഡയറക്ടർ ഓഫ് ദ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഡിറ്റ്, ഫിനാൻഷ്യൽ ആന്റ് അക്കൗണ്ടിംഗ്് മാനേജർ, അക്കൗണ്ട് ഓഡിറ്റിംഗ് ടെക്‌നീഷ്യൻ, ജനറൽ അക്കൗണ്ടന്റ് ടെക്‌നീഷ്യൻ, കോസ്റ്റ്‌സ് ക്ലാർക്ക്, ഫിനാൻഷ്യൽ ക്ലാർക്ക്, ഡയറക്ടർ ഓഫ് സകാത്ത് ആന്റ് ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്.

Latest News