Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പിഞ്ചുകുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് വേലക്കാരി ഒളിച്ചോടി

റിയാദ്- പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കി വേലക്കാരി രക്ഷപ്പെട്ടതായി കുടുംബത്തിന്റെ പരാതി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. കിഴക്കൻ റിയാദിലെ ഇശ്ബീലിയ ഡിസ്ട്രിക്ടിലാണ് സംഭവം. പതിനാലു മാസം മാത്രം പ്രായമായ കുഞ്ഞിനെ വീട്ടിനകത്ത് അടച്ചിട്ടാണ് വേലക്കാരി ഒളിച്ചോടിയത്. ഈ സമയത്ത് കുഞ്ഞിന്റെ പിതാവ് ജോലി ആവശ്യാർഥം റിയാദ് പ്രവിശ്യക്ക് പുറത്തും മാതാവ് ജോലി സ്ഥലത്തും മൂത്ത സഹോദരങ്ങൾ സ്‌കൂളുകളിലുമായിരുന്നു. 

നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന മകൻ ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വേലക്കാരി രക്ഷപ്പെട്ട വിവരം കുടുംബം അറിഞ്ഞത്. വാതിൽ പൂട്ടിയതിനാൽ ബാലന് വീട്ടിനകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് ഡ്രൈവർ ബാലന്റെ പിതാവിനെ അറിയിക്കുകയായിരുന്നു. റിയാദിന് പുറത്തായിരുന്ന സൗദി പൗരൻ ഉടൻ ഭാര്യയെ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞിന് എന്താണ് സംഭവിച്ചത് എന്ന് അറിയാത്തത് എല്ലാവരെയും പരിഭ്രാന്തരാക്കി. വിവരമറിഞ്ഞ് മാതാവ് എത്തി വാതിൽ തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് കരഞ്ഞു തളർന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. 

അപ്പോഴേക്കും വേലക്കാരി വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ട് മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. യുവതി വീട്ടിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കാത്തുനിന്ന കാറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്. മൂന്നു മാസം മുമ്പു മാത്രമാണ് വേലക്കാരിയെ റിക്രൂട്ട്‌മെന്റ് ഓഫീസ് വഴി നിയമാനുസൃതം റിക്രൂട്ട് ചെയ്തു കൊണ്ടുവന്നതെന്ന് സ്‌പോൺസർ പറഞ്ഞു. നല്ല രീതിയിലാണ് വേലക്കാരിയോട് തങ്ങൾ പെരുമാറിയിരുന്നത്. പ്രദേശത്ത് ആരെയും യുവതിക്ക് അറിയുമായിരുന്നില്ല. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാകും വേലക്കാരി ഒളിച്ചോടിയതെന്നും സൗദി പൗരൻ പറഞ്ഞു. 

Latest News