മദീനയിലെ വിജനസ്ഥലത്ത് മദ്യനിര്‍മാണം; ആറംഗ വിദേശി സംഘം പിടിയില്‍

ഉത്തര മദീനയിലെ വിജനമായ സ്ഥലത്ത് മദ്യനിർമാണ കേന്ദ്രങ്ങൾ നടത്തി അറസ്റ്റിലായ ആഫ്രിക്കക്കാർ.

മദീന- ആഫ്രിക്കക്കാരായ ആറംഗ മദ്യനിർമാണ സംഘത്തെ മദീന പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര മദീനയിലെ വിജനമായ സ്ഥലം കേന്ദ്രീകരിച്ചാണ് സംഘം വൻതോതിൽ മദ്യം നിർമിച്ച് വിതരണം ചെയ്തിരുന്നത്. പ്രത്യേക കെണിയൊരുക്കിയാണ് സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് വലയിലാക്കിയത്.

ഉത്തര മദീനയിലെ താഴ്‌വരയിൽ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് അർധരാത്രി പതിവായി ഏതാനും പേർ വന്നു പോകുന്നത് പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നാണ് സംഘത്തെ പ്രത്യേകം കെണിയൊരുക്കി പോലീസ് പിടികൂടിയത്.

സമീപത്തായി രണ്ടു മദ്യനിർമാണ കേന്ദ്രങ്ങൾ സംഘം നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 225 ലിറ്റർ ശേഷിയുള്ള നാൽപതു ബാരൽ വാഷും വിൽപനക്ക് തയാറാക്കിയ ഒന്നര ലിറ്റർ ശേഷിയുള്ള 434 കുപ്പി മദ്യവും പതിനാറു ഗ്യാസ് സിലിണ്ടറുകളും ആറു വലിയ അടുപ്പുകളും ആറു വലിയ പ്രഷർ കുക്കറുകളും മദ്യ നിർമാണത്തിനുള്ള മറ്റു വസ്തുക്കളും സംഘത്തിന്റെ താവളങ്ങളിൽ കണ്ടെത്തി. മദ്യ ശേഖരം അധികൃതർ നശിപ്പിച്ചു. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Latest News